വായനക്കാര്‍

നവംബർ 23, 2012

വെറ്റിലയിലും മഷിയിലും തെളിയാത്ത കാര്യങ്ങള്‍

"ചെറ്യെമ്മേ , ഇങ്ങളറിഞ്ഞോ ഇമ്മളെ ചങ്കരന്റെ മോള്‍ ചന്ദിരി വട്ടിപ്പണക്കാരന്‍ തമിളന്റൊപ്പം ഒളിച്ചോടിപ്പോയത്രേ".
 
മുറ്റമടിക്കാന്‍ വന്ന അമ്മിണി കോലായില്‍ നില്‍ക്കുന്ന അമ്മയോട് പറയുന്നത് കേട്ടുകൊണ്ടാണയാള്‍ ‍ ഉറക്കത്തില്‍ നിന്നെണീറ്റത്‌
 അച്ഛന്‍ ഉമ്മറത്തില്ലാത്തത് അവളുടെ ഭാഗ്യം , ഉണ്ടെങ്കില്‍ അവളെ ചീത്ത പറയുമായിരുന്നു
 
"നീ അവെടേം ഇവടേം നടക്കണതൊന്നും ഇവിടെ പറയരുത്" എന്നൊരു താക്കീതും കിട്ടും .
ഉണ്ണീടച്ചന്‍ ഇബടെണ്ടോ . അവള്‍ അമ്മയോട് ചോദിച്ചു
"ഇല്ല , പാലക്കാട്ട് പാര്‍ട്ടീടെ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാവിലെ പോയതാ" . അമ്മ പറഞ്ഞു .
അമ്മിണിക്ക് ആശ്വാസമായി . അവള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു . ഉണ്ണി ജനലിലൂടെ താഴെ മുറ്റത്തേക്ക് നോക്കി .ഇപ്പോള്‍ അവളുടെ തല ആടുകയും കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുകയും ചെയ്യുന്നു .അത് കേട്ട് അമ്മ കീഴ്ചുണ്ട് കടിക്കുകയും താടിക്ക് കൈ വെച്ച് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു .

ഈശ്വരാ എന്തൊക്കെ കേക്കണം കലികാല വൈഭവം . അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി . പിന്നെ അമ്മിണിയുടെ ചൂല്‍ മുറ്റത്ത്‌ ചലിക്കുന്ന ശബ്ദം കേട്ടു. അയാള്‍ മച്ചിലേക്ക് നോക്കി പിന്നെയും കിടന്നു .
"ഉണ്ണ്യേ നീ എണീക്ക്ണ് ല്ലേ, നേരം ശ്ശ്യാ യി" .അമ്മ വിളിച്ചു പറഞ്ഞു .
പല്ല് തേച്ച് പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ അയാളോട് പറഞ്ഞു , "നീയറിഞ്ഞോ ആ വെളിച്ചപ്പാടിന്റെ മകള്‍ ഇന്നലെ രാത്രി ആ തമിളന്റെ കൂടെ ഒളിച്ചോടി പോയത്രേ . ചങ്കരന്റെ കഷ്ട കാലം , പറെയുമ്പോ ഭഗവതീടെ കാവിലെ വെളിച്ചപ്പാടാണ് , കഷ്ട്ടകാലം തീര്‍ന്ന നേരം ല്ല".
ചങ്കരന്‍ ആ നാട്ടിലെ മന്ത്രവാദിയും കാവിലെ വെളിച്ചപ്പാടുമാണ് . നീണ്ട മുടിയും താടിയും ഉള്ള ഒരു വെളുത്ത നിറമുള്ളയാളാണ് ചങ്കരന്‍. അയാള്‍ക്ക്‌ വശീകരണ ശക്തിയുള്ള കണ്ണുകള്‍ ഉണ്ടായിരുന്നു .തുളളുന്നതിന്റെ മുന്‍പ് അയാള്‍ ചാരായം കുടിച്ചിരുന്നു , ആ സമയത്ത് അയാളെ കാണുന്നത് നമ്മെ ഭയപ്പെടുത്തും , ആ കണ്ണുകള്‍ അനന്തതയിലേക്ക് നോക്കി ങ്ങ് ഹും ങ്ങ് ഹും എന്ന് കിതയ്ക്കും .
 
ഗ്രാമത്തില്‍ നിന്ന് മാത്രമല്ല അന്യ നാട്ടില്‍ നിന്നും ആളുകള്‍ തങ്ങളുടെ പ്രശ്ന പരിഹാരത്തിന് ചങ്കരന്റെ വീട്ടില്‍ വന്നിരുന്നു . പ്രേത ബാധയകറ്റാനും , തങ്ങളുടെ നഷ്ട്ടപ്പെട്ട സ്വര്‍ണ്ണ മാല ആര് കട്ട് കൊണ്ട് പോയി എന്നറിയാനും , അന്യ സ്ത്രീകളുടെ വലയില്‍ നിന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാരെ മോചിപ്പിക്കാനും , തങ്ങളുടെ കുട്ടികള്‍ക്ക് അടിക്കടിയുണ്ടാവുന്ന അസുഖങ്ങള്‍ ആര് കൂടോത്രം ചെയ്തിട്ടാണ് എന്നറിയാനും അങ്ങനെ ഒട്ടേറെ പ്രശ്നങ്ങളുടെ നിവര്ത്തിക്കാണ് ആളുകള്‍ ചങ്കരന്റെയടുത്തു പോയിരുന്നത് .

പാടത്തിനക്കരെയാണ് ചങ്കരന്റെ വീട് . പാടം കടന്ന് ചെന്നാല്‍ കാണുന്ന ചെറിയ തോട് അതിനപ്പുറമാണ് ആ വീട് . എപ്പോഴും തണല്‍ വീണു കിടക്കുന്ന ഒരു മരക്കാവിനുള്ളിലാണ് ആ വീട്. മുറ്റത്തിന് ചുറ്റും ചെമ്പരത്തി പൂവുകളും തുളസിയും ഉണ്ടായിരുന്നു .മുറ്റത്ത്‌ മെഴുകിയ ചാണകത്തിന്റെ മണം അവിടെ എപ്പോഴും ഉണ്ടാവും . ചന്ദനത്തിന്റെയും കര്പ്പൂരത്തിന്റെയും പൂജാ വസ്തുക്കളുടെയും മണവും ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും . ആ തൊടിയുടെ വടക്കേ ഭാഗത്തുള്ള ഒരു പ്ലാവിന്റെ ചുവട്ടില്‍ കറുത്ത നിറത്തില്‍ ഒരു കല്പ്രതിമയുണ്ട് . അതാണയാളുടെ ആരാധനാ മൂര്‍ത്തി .‍ അതിന്റെ മുന്നില്‍ എപ്പോഴും ചിരട്ടയില്‍ നിറച്ച് വെച്ച കള്ളുണ്ടാവും . മഞ്ഞളിന്റെയും അരിയുടെയും പൊടി അവിടെ വിതറിയിട്ടുണ്ടാവും .ഒരു കല്‍വിളക്കും അതില്‍ കരിയുടെ പാടുകളും. കത്തിത്തീര്‍ന്ന തിരിയുടെ അവശിഷ്ട്ടങ്ങളും ‍. ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ ആ മാളങ്ങളില്‍‍ ഉണ്ടത്രേ .
തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയ ചന്ദ്രിക നല്ല സുന്ദരിയായിരുന്നു . അവള്‍ കോളേജില്‍ പോയി വരുമ്പോള്‍ ബസ്സിറങ്ങുന്ന കവലയില്‍ ചെറുപ്പക്കാര്‍ അവളുടെ ശ്രദ്ധയാകര്ഷിക്കാന്‍ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ അഴിച്ചിടുകയും സിഗരറ്റ് വലിക്കുകയും ഉച്ചത്തില്‍ പാട്ട് പാടുകയും ചെയ്തിരുന്നു. അവളുടെ ഒരു ചിരി കിട്ടിയാല്‍ ലോട്ടറിയടിച്ച സന്തോഷമായിരുന്നു ചെറുപ്പക്കാര്‍ക്ക്. ആ സുന്ദരി എങ്ങനെ കറുത്ത് തടിച്ച് ചുവന്ന കണ്ണുള്ള ഒരു അണ്ണാച്ചി യെ ഇഷ്ട്ടപ്പെട്ടു ? പ്രേമത്തിന് കണ്ണില്ല എന്നതെത്ര ശരി.
രണ്ടു കൊല്ലം മുന്‍പാണ് ചങ്കരന്റെ മൂത്ത മകന്‍ രഘു ആത്മഹത്യ ചെയ്തത് .കാരണം എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു . ചങ്കരന്‍ മണ്കുടത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പൈസ കട്ടെടുത്തതിന് ചങ്കരന്‍ അവനെ കുറെ അടിച്ചെന്നും , അതല്ല അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി വേറെ കല്ല്യാണം കഴിച്ചു പോയതിലുള്ള സങ്കടം കൊണ്ടാണെന്നും അങ്ങാടിയില്‍ സംസാരം ഉണ്ടായിരുന്നു.
ഇപ്പോള്‍ മകളുടെ ഈ ഒളിച്ചോട്ടം നാട്ടില്‍ ആകെ പാട്ടായിക്കഴിഞ്ഞു . കവലയിലെ ചായക്കടയില്‍ ആളുകള്‍ ചര്‍ച്ച ചെയ്തു . അയാളുടെ മന്ത്രവാദത്തില്‍ വിശ്വാസമില്ലാത്തവര്‍ കളിയാക്കി . അവര്‍ പറഞ്ഞു "അന്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നയാള്‍ സ്വന്തം മകള്‍ എവിടെയുണ്ടെന്ന് മഷിയിട്ടു നോക്കട്ടെ" .
ചങ്കരന്‍ പിന്നീട് മന്ത്രവാദം നിര്‍ത്തി. അയാളുടെയടുത്തു സഹായത്തിനു ചെല്ലുന്നവരെ അയാള്‍ മടക്കിയയച്ചു .ക്രമേണ ആ മുറ്റവും വീടും ശൂന്യമായി .
 
കാലം അവിരാമം യാത്ര തുടര്‍ന്നു . ഒരു അര്‍ദ്ധ രാത്രിയില്‍ അയാള്‍ ചര്ദ്ധിച്ചു , പിന്നെ ചര്ദ്ധിച്ചത് ചോരയായിരുന്നു . ഒരു ചോരക്കളം അയാളുടെ മുന്‍പില്‍ ഉണ്ടായി , നാട്ടുകാര്‍ അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി . പിന്നീടും അയാള്‍ രക്തം ചര്ദ്ധിച്ചു , അതില്‍ ചെറിയ ചെറിയ മാംസക്കഷ്ണങ്ങളും ഉണ്ടായിരുന്നു . ഡോക്കറ്റര്മാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല അയാളുടെ യഥാര്‍ത്ഥ രോഗം . അവസാനം അയാള്‍ മരണത്തിനു കീഴടങ്ങി.
അയാളുടെ മൃതദേഹം തൊടിയുടെ തെക്കേ ഭാഗത്ത്‌ അടക്കം ചെയ്തു . വടക്കേ ഭാഗത്തെ പ്ലാവിന്‍ ചുവട്ടിലെ മൂര്‍ത്തി ആരെയോ കാത്തു നിന്നു , പാമ്പുകള്‍ മാളത്തിനു പുറത്തേക്കു തല നീട്ടി നോക്കി. അപ്പോള്‍ തെക്ക് നിന്ന് ഒരു കാറ്റ് വീശി അത് കുഴിമാടത്തെയും ,മൂര്ത്തിയെയും കടന്ന് പോയി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ