വായനക്കാര്‍

നവംബർ 16, 2012

അസ്തമയം

"നമ്മക്കിന്ന് എടമലേ കേറി അസ്തമയം കാണാ ..ച്ചാ" - അരുണും അശ്വതിയും അത് പറഞ്ഞപ്പോള് അയാള്‍ക്ക്‌ ‍ നിരസിക്കാന്‍ കഴിഞ്ഞില്ല. ഇനി അടുത്തൊന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയില്ല .ഒരു മാസത്തെ അവധി ഇന്ന് രാത്രി കൊണ്ട് തീരുകയാണ്. ഈ അവധിക്കു വരുമ്പോള്‍ മലമ്പുഴയില് കൊണ്ട് പോകാം എന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു . ഓരോ തിരക്ക് കാരണം ഒന്നും നടന്നില്ല .‍ നാളെ ഈ നേരം മണല്‍ നാട്ടിലെ ആ മഹാ നഗരത്തിലാവും താന്‍. . ഇതും കൂടി സാധിപ്പിച്ചു കൊടുത്തില്ലെങ്കില്‍ അവിടെ ചെന്നാല്‍ അതിന്റെ കുറ്റബോധവും ഉണ്ടാവും.അങ്ങനെയാണ് അയാളും ഭാര്യയും രണ്ടു കുട്ടികളും കൂടി എടമലയില്‍ കയറുന്നത്
 
അസ്തമയത്തിന് കുറച്ചു കൂടി സമയമുണ്ട് . പടിഞ്ഞാറേ ചക്രവാളം കുങ്കുമ വര്‍ണം പൂശിയിരിക്കുന്നു. താഴെ നെല്‍പ്പാടങ്ങള്‍ ഭൂപടത്തിലെ അതിരുകള്‍ പോലെ കാണപ്പെട്ടു. അമ്പലപ്പറമ്പില്‍ മേയുന്ന പശുക്കള്‍, അതിനപ്പുറത്ത് പുളിയം തോട് വളഞ്ഞു പുളഞ്ഞൊഴുകുന്നു.കുട്ടികള്‍ അവുലിയ പാപ്പന്റെ കിണറിനപ്പുറം ഒരു പൂമ്പാറ്റയെ പിടിക്കാന്‍ ശ്രമിച്ചു. അയാളും ഭാര്യയും അവിടെയിരുന്നു. മേലാറ്റൂര്‍ ഓട്ടു കമ്പനിയുടെ പുകക്കുഴല്‍ അങ്ങ് ദൂരെക്കാണാം. അവിടേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ ഭാര്യയോടു പറഞ്ഞു :
 
"സന്ധ്യേ , ആ പുകക്കുഴലും കഴിഞ്ഞു കുറെ പോയാല്‍ കോഴിക്കോട് എയര്‍ പോര്‍ട്ട്‌ ആയി ,  അവിടുന്ന് നേരെ.............."
 
"ഉണ്ണ്യേട്ടാ , ഒരു വീടെങ്കിലും ആയിരുന്നെങ്കില്‍ പോണ്ടാന്ന്‍ ചാല്‍ മത്യായിരുന്നു  , ഇനി രണ്ട് കൊല്ലമെങ്കിലും കഴ്യാതെ ഒന്ന് കാണാന്‍ കഴില്ല്യല്ലോ  " വിഷമത്തോടെ സന്ധ്യ പറഞ്ഞു 
 
അയാള്‍ അവളുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കി , അവളുടെ കവിളിലൂടെ കണ്ണീര്‍ ചാലിട്ടിരിക്കുന്നു , അസ്തമയ സൂര്യന്റെ രശ്മികള്‍ അതില്‍ തട്ടി സ്വര്‍ണ നിറം ആയിരിക്കുന്നു .അയാള്‍ അവളെ ആശ്വസിപ്പിച്ചില്ല, കരയട്ടെ കുറെ കരഞ്ഞ് സങ്കടം തീരട്ടെ , അയാള്‍ മനസ്സില്‍ കരുതി . അവളുടെ സ്വര്‍ണ നിറമുള്ള കണ്ണീര്‍ അവുലിയ പാപ്പാന്റെ കിണറ്റിനു മുകളിലുള്ള ഒരു കല്ലില്‍ വീണു , അപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു പാട് തേങ്ങലുകള്‍ കേള്‍ക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു , ഭൂമിയില്‍ ഇരുട്ട് മൂടി , ആ ഇരുട്ട് അവരെയും വിഴുങ്ങി, ഉള്ളില്  ഒരു പാട് ഇരുട്ടും ഒരു കടല്‍ നിറയെ കണ്ണീരുമായി അവര്‍ മലയിറങ്ങി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ