വായനക്കാര്‍

നവംബർ 20, 2012

ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം

മെറ്റല്‍ പറിഞ്ഞു പോയ കുണ്ടും കുഴികളും ഉള്ള ഒരു റോഡ്‌ , അതിലൂടെ ആകെ നാലോ അഞ്ചോ ബസ്സുകള്‍. 2 എണ്ണം പാലക്കാട് നിന്നും ഒന്ന് പട്ടാമ്പിയില്‍ നിന്നും മറ്റൊന്ന് കോഴിക്കോട്ടു നിന്നും. ഒന്ന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ ചുറ്റുവട്ടത് നിന്നുള്ളവര്‍ കോട്ടപ്പള്ളയില്‍ വരും, ബസ്സ്‌ കയറാന്‍.
റോഡരികിലെ ആ കെട്ടിടത്തിന്റെ പടിഞ്ഞാറേ തലയ്ക്കല്‍ കുഞ്ഞാണി കാക്കാന്റെ തുണി പീടിക, ഒന്ന് രണ്ടു തുന്നല്‍ക്കാര്‍ മെഷീനില്‍ തൈച്ച് ക്കൊണ്ടിരിക്കുന്നു. കടയ്ക്കുള്ളില്‍ ഷെല്‍ഫില്‍ വിവിധ നിറങ്ങളില്‍ ഉള്ള തുണിത്തരങ്ങള്‍ മടക്കി വെച്ചിരിക്കുന്നു.
അതിനപ്പുറത്ത് പോസ്റ്റ്‌ ഓഫീസ് .പുറത്തൊരു ചുവന്ന കത്ത് പെട്ടി. ഉള്ളില്‍ ഒരു മേശയും അതിന്മേല്‍ കുറച്ച് കടലാസ്സുകളും സീലുകളും. കാക്കി നിറമുള്ള മെയില്‍ ബാഗ് പിന്നില്‍ ഉണ്ട്. മെയില്‍ വന്നാല്‍ പിന്നെ കത്തില്‍ സീല്‍ അടിക്കുന്നതിന്റെ ടാക് ടാക് ശബ്ദം.
അതിനപ്പുറത്ത് തട്ടാന്‍ പൊന്നുവും സഹോദരന്മാരും , തറയില്‍ ഇരുന്ന്‌ മുന്നിലുള്ള പത്രത്തിലെ ഉമിതീയില്‍ ഊതി കാച്ചുന്ന പൊന്ന്. അതെടുത്തു ചെറിയ ചുറ്റിക കൊണ്ട് അടിച്ചു പരത്തി , വളയും മാലയും മോതിരങ്ങളും ഉണ്ടാക്കുന്ന പൊന്നുവും സഹോദരരും. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അവര്‍ക്ക്.
അതിനപ്പുറം ഒസ്സാന്‍ യൂസുഫ് കാക്കാന്റെ ബാര്‍ബര്‍ ഷോപ്പ് ,അവിടെ രാജേഷ്‌ഖന്നയുടെയും അമിതാബ് ബച്ചന്റെയും ഹിപ്പി മുടിയുള്ള ഫോട്ടോകള്‍.
പിന്നിലെ ബെഞ്ചില്‍ പത്രങ്ങളും സിനിമ വാരികകളും. സ്ഥലത്തെ അന്നത്തെ യുവാക്കള്‍ ഇടയ്ക്ക് അവിടെ കയറി വന്നു
യൂസുഫ് കാക്കനോട് കുശലം പറയുകയും, തങ്ങളുടെ മുടി ചീകുകയും , മുഖത്ത് പൌഡര്‍ ഇടുകയും ചെയ്യുന്നു. കൌമാരക്കാര്‍ സിനിമ വാരികയിലെ സുന്ദരികളുടെ ചിത്രം ആസ്വദിക്കുന്നു.
അപ്പുറത്ത് അബൂബക്കെര്‍
കാക്കാന്റെ സൈക്കിള്‍ ഷോപ്പ് . mud ഗാര്‍ഡും ചെയിന്‍ കവറും , pedalum ഇല്ലാത്ത സൈക്കിളുകള്‍, ആണ്‍കുട്ടികള്‍ക്ക് കയ്യില്‍ കാശ് ഉണ്ടായാല്‍ ആകെയുള്ളൊരു ലക്‌ഷ്യം സൈക്കിള്‍ എടുക്കുകയാണ്. അര മണിക്കൂര്‍ പതിനഞ്ചു പൈസ ഒരു മണിക്കൂര്‍ ഇരു പതഞ്ചു പൈസ. ഇപ്പോഴത്തെ ഗ്രൌണ്ട് ന്റെ വടക്ക് ഭാഗത്താണ് സൈകില്‍ പ്രക്ടീസിംഗ്.
ഏറ്റവും ഒടുവില്‍ സെന്റ്‌ മൌലവിയുടെ പെട്ടിക്കടയും. അവിടെ മിട്ടായിയും മോരും വെള്ളവും ഒക്കെ കിട്ടും. പിന്നെ ഒരു ചില്ല് പെട്ടിയില്‍ സെന്റും. ഇഷ്ടപ്പെട്ടവര്‍ക്ക് മൗലവി ഒരു പഞ്ഞിയില്‍ ഇത്തിരി അത്തര്‍ മുക്കി ഷര്‍ട്ടില്‍ തേച്ചു തരും.
സൈതലവി ഹാജിയുടെ കെട്ടിടത്തില്‍ കര്‍ണാടകത്തില്‍ നിന്ന് വന്ന ഒരു തുണി കച്ചവടക്കാരന്‍ ഉണ്ടായിരുന്നു അയാള്‍ക്ക്‌ കയ്യിന്മേല്‍ 6 വിരലുകള്‍ ഉണ്ടായിരുന്നു . അതിനപ്പുറത്ത് സൈദാലി കാക്കാന്റെ തുന്നല്‍ കട. മുന്‍പില്‍ സൈതലവിയുടെ ഹോട്ടല്‍. അവിടെ നിന്ന് മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ഒഴുകി വരുന്നു. ഓ ദുനിയാ കേ.... രഖ് വാലേ....
പാട്ടിന്റെ താളത്തിന് ഭംഗം വരുത്തി പൊട്ടന്റെ ത ...ത .. ത എന്ന ശബ്ദം. അയാള് അവിടുത്തെ പ്രധാന വെള്ളം കോരല്‍ കാരന്‍ ആയിരുന്നു.
പത്തു മണിയോടെ മാത്രമേ അങ്ങാടി സജീവമാവൂ. വെള്ളിയാഴ്ച ചന്ത ദിവസം കുറേ ആളുകള്‍ കൂടും. അലനല്ലൂരില്‍ നിന്നും പച്ചക്കറിക്കാരും മീന്‍ കച്ചവടക്കാരും, കുട നന്നാക്കല്‍, ചെരുപ്പുകുത്തികള്‍ ഒക്കെ വരും. പച്ചക്കറിക്കാരന്‍ ഹംസാക്ക, ഉണക്ക മീന്‍ കൊണ്ട് മമ്മത് കാക്ക , ചക്ളിയന്‍ രാജന്‍ എന്നിവരൊക്കെ അതിന്റെ ഭാഗമാവും. ഇടയ്ക്ക് വേങ്ങൂര്‍ നിന്നും വരുന്ന ഒറ്റക്കള്ളന്‍ കാക്കയും വരും. വെളുത്ത പോളിസ്റെര്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടു തലയില്‍ ഒരു തൊപ്പിയും വെച്ചു ഉറക്കെ സംസാരിക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഞങ്ങള്‍ "മക്കവും മദീനവും" എന്ന് വിളിച്ചിരുന്ന 3 ഡി വ്യൂവറും ഉണ്ടാവും. അതിന്റെ രംഗങ്ങള്‍ അദ്ദേഹം വിവരിക്കും , ഇപ്പൊ ഇങ്ങള്‍ കാണുന്നത് ഹജറുല്‍ അസ്വ ദ്. ഇതാണ് സഫാ മര്‍വ നടത്തം. ....എന്നിങ്ങനെ .
വൈകുന്നേരത്തോടെ പണിയും കഴിഞ്ഞു അന്തി കള്ളും അകത്താക്കി പാട്ട് പാടുകയും കോപ്രായങ്ങള്‍ കാറുകയും ചെയ്യുന്ന ചെറുമക്കള്‍.
അത് കണ്ടു ചിരിക്കുന്ന ആളുകള്‍. വല്ലപ്പോഴും ഒരു കാര്‍ വന്നാല്‍ കുട്ടികള്‍ അതിനെ പൊതിയും, തൊട്ടു തലോടി നില്‍ക്കും. ചിലപ്പോള്‍ കാറിന്റെ ഉടമസ്ഥര്‍ 'മാറിം കുട്ട്യേളെ ' എന്ന് ചീത്ത പറയും. പിന്നെ ആ കാര്‍ ഓടിപ്പോകുന്നതു കൌതുകത്തോടെ നോക്കി നില്‍ക്കും. (1977 നു മുന്‍പത്തെ കൊട്ടപ്പള്ളയുടെ ഒരു നേര്ചിത്രമാണ് മുകളില്‍ വിവരിച്ചത് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ