അയാളും സുഹൃത്ത് രാജനും കൂടി ഒരു നട്ടുച്ച നേരത്താണ് ആ കവലയില്‍ ബസ്സിറങ്ങിയത്. ആ സമയം കാക്കി യൂണിഫോം അണിഞ്ഞ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്നും റോഡിനിപ്പുറമുള്ള നായര്‍ ഹോട്ടലിലേക്ക് ഊണ് കഴിക്കാന്‍ പോകുന്നതിന്റെ തിരക്കായിരുന്നു . എല്ലാം അപരിചിത മുഖങ്ങള്‍ . ആകെ പരിചയമുള്ളത് ഗെയ്റ്റില്‍ പാറാവ് നില്‍ക്കുന്ന ആണ്ടിയേട്ടനെ , തന്റെ അച്ഛന്റെ സുഹൃത്തായിരുന്നു അയാള്‍. 10 കൊല്ലം മുന്പ് ഈ ഫാക്ടറി നിന്നിരുന്ന സ്ഥലം മുഴുവന്‍ അവിടത്തെ ഇടത്തരക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ വീടുകളായിരുന്നു . ഒരു ഓണം കഴിഞ്ഞ സമയത്ത് അവിടെ കോട്ടും സൂട്ടും ഇട്ട തൊലി വെളുത്ത കുറെ ആളുകള്‍ വില കൂടിയ കാറുകളില്‍ വന്നിറങ്ങി . അവിടുത്തെ മുഴുവന്‍ ജനങ്ങളെയും വിളിച്ചു കൂട്ടി പറഞ്ഞു :
" നിങ്ങളുടെ ദുരിതങ്ങളും കഷ്ട്ടപ്പാടുകളും ഇതാ തീരാന്‍ പോകുന്നു , പട്ടിണിയില്ലാത്ത ദിനങ്ങളാണ് ഇനി നിങ്ങളുടെ കര്‍ക്കിടക മാസങ്ങള്‍. ഇവിടെ ഞങ്ങള്‍ക്കൊരു ഫാക്റ്ററി കെട്ടാന്‍ ആഗ്രഹമുണ്ട് , അതിന് പകരമായി നിങ്ങളുടെ വീടിനേക്കാള്‍ ഭംഗിയുള്ള വീടുകള്‍ 10 കിലോ മീറ്റര് അപ്പുറത്തുള്ള കുന്നിന്‍ ചെരുവില്‍ കമ്പനി പണിതു തരും . നിങ്ങളില്‍ ഓരോ വീട്ടില്‍ നിന്നും ഓരോ അംഗങ്ങള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കും . ഭാവിയില്‍ നിങ്ങളില്‍ ഉയര്‍ന്ന യോഗ്യത നേടുന്ന കുട്ടികള്‍ക്ക് ഇവിടെ ജോലിക്ക് പ്രത്യേക പരിഗണന ഉണ്ടാവും".
അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് എല്ലാവരും അവര്‍ തന്ന കടലാസ്സില്‍ ഒപ്പിട്ടു കൊടുത്തു. കമ്പനി പറഞ്ഞ കോളനി വീടുകളില്‍ പുതിയ ജീവിതം തുടങ്ങി. കമ്പനി ചിലര്‍ക്ക് ഫാക്റ്ററിയില്‍ ജോലി നല്‍കി . അധികവും തൂപ്പുകാരും , കാവല്‍ക്കാരും, മാനേജര്‍മാരുടെ വീട്ടിലെ അടുക്കളക്കാരും ആയി. ജോലി കിട്ടാത്തവരുടെ എതിര്‍പ്പുകള്‍ വനരോദനങ്ങളായി അവശേഷിച്ചു . പിന്നീട് പലരും അത് മറന്ന പോലെയായി . ഇപ്പോള്‍ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ടെന്ന് അറിഞ്ഞു വന്നതാണ് അയാളും സുഹൃത്തും. കമ്പനി, സ്ഥലം കൈക്കലാക്കാന്‍ വാഗ്ദാനങ്ങളുടെ പെരുമഴ നടത്തുമ്പോള്‍ താന്‍ നഗരത്തിലെ ഹരിജന്‍ ഹോസ്റ്റലില്‍ നിന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു . ജീവിതം മുഴുവന്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന അച്ഛന്‍ കഷ്ട്ടപ്പെട്ടാണെങ്കിലും തന്നെ ബിരുദ ധാരിയാക്കണം എന്ന് നിര്‍ബന്ധ മുണ്ടായിരുന്നു . തന്റെ ഗതി മക്കള്‍ക്കുണ്ടാവരുത് എന്നയാള്‍ ആഗ്രഹിച്ചു . അയാളുടെ പഠനം പൂര്ത്തിയാവുന്നതിന്റെ മുന്പ് തന്നെ അച്ഛന്‍ ക്ഷയ രോഗം മൂലം മരിച്ചു.
ഊണ് കഴിക്കാന്‍ പോകുന്ന തൊഴിലാളികളുടെ തിരക്കൊന്ന് കുറഞ്ഞപ്പോള്‍ അവര്‍ ഗെയ്റ്റില്‍ ചെന്നു ആണ്ടിയേട്ടനെ കണ്ടു . ആണ്ടിയേട്ടന്‍ ചിരിച്ചു കൊണ്ടവരെ സ്വീകരിച്ചു . അവര്‍ വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം അവര്‍ക്ക് ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു . രാജനോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞു അയാള്‍ മാനേജരുടെ റൂമിലേക്ക് കടന്നു . മനോഹരമായി ഇന്റീരിയല് ഡക്കറേഷന്‍ ഡിസൈന്‍ ചെയ്ത ഒരു എ സി മുറി. കറങ്ങുന്ന കസേരയില്‍ തടിച്ച ഒരു രൂപം . മേശപ്പുറത്തെ നെയിം ബോര്‍ഡില്‍ നിന്നും അയാളുടെ പേര് മുത്തു സ്വാമി എന്ന് മനസ്സിലായി . അയാള്‍ മനസ്സില്‍ കരുതി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഓഫീസിന്റെ സ്ഥാനത്ത് അലക്കുകാരി മാധവിയേടത്തിയുടെ കുടില്‍ ആയിരുന്നു . എപ്പോഴും ഇടിഞ്ഞു പൊളിയാന്‍ നില്‍ക്കുന്ന ഒരു മണ്കൂര .മാധവിയേടത്തിയുടെ മകന്‍ സുന്ദരന്‍ ഭ്രാന്തായിരുന്നു . അയാള്‍ ഓര്‍മയില്‍ നിന്നും ഉണര്‍ന്നു.
"യെസ്" , ചോദ്യ ഭാവത്തില്‍ മാനേജര്‍ തടിച്ച കണ്ണടയിലൂടെ നോക്കി
"സര്‍ എന്റെ പേര് ഹരിദാസ് , ഇവിടെ ഫിനാന്‍സില്‍ ഒരു അസ്സിസ്റ്റന്റി ന്റെ ഒഴിവുണ്ടെന്നറിഞ്ഞു വന്നതാണ് , മാത്രമല്ല ഈ ഫാക്ട്ടറിക്ക് സ്ഥലം കൊടുത്ത കൂട്ടത്തില്‍ എന്റെ അച്ഛനും ഉണ്ടായിരുന്നു , അന്ന് കമ്പനി പറഞ്ഞിട്ടുണ്ടല്ലോ ഭാവിയില്‍ വരുന്ന ജോലി ഒഴിവുകളിലും ഇവിടുത്തെ യോഗ്യതയുള്ള അപേക്ഷകര്‍ക്ക് മുന്ഗണന നല്‍കുമെന്ന് . ഞാന്‍ ഒരു കൊമേഴ്സ് ബിരുദ ധാരിയാണ്" .
"ഓ കെ, ഗിവ് മി ദ കോപ്പി ഓഫ് യുവര്‍ സെര്ട്ടിഫികറ്റ് ആന്‍ഡ് ബയോ ഡാറ്റ , ഐ വില്‍ ഡിസ്കസ് ദിസ് മാറ്റര്‍ വിത്ത് ഔവര്‍ എം ഡി . ബട്ട് സീ മിസ്റ്റര്‍ ഹരിദാസ് വീ ഗോട്ട് മോര്‍ ദാന്‍ സെവെന്റി ഫൈവ് അപ്പ്ളിക്കേഷന്‍സ് ഫോര്‍ ദിസ് പോസ്റ്റ്. വീ വില്‍ ലെറ്റ് യൂ നോ .
അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി . പുറത്തെ ബദാംമര ചോട്ടില്‍ നില്‍ക്കുകയായിരുന്ന രാജന്‍ ഓടി വന്നു ചോദിച്ചു
" എടാ ഹര്യേ , അടുത്ത് കിട്ട്വോ നിനക്ക് ജോലി "?
അയാള്‍ ഒന്നും മിണ്ടിയില്ല ."
ഗെയ്റ്റിന്റെ അവിടെയെത്തിയപ്പോള്‍ ആണ്ടിയേട്ടന്ഓടി വന്നു ചോദിച്ചു , "എന്തേ മാനേജര്‍ സ്വാമി പറഞ്ഞത് ?
അയാള്‍ ആണ്ടിയേട്ടനോട് കാര്യങ്ങള്‍ വിവരിച്ചു . ആണ്ടിയേട്ടന്‍ പറഞ്ഞു " എല്ലാം ആ തടിയന്‍ പട്ടരുടെ അടവാണ് , സ്വന്തം ആളുകളെ കയറ്റാനുള്ള പരിപാടിയാണ് ". അത് പറയുമ്പോള്‍ അയാള്‍ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ഭയപ്പെടുന്ന പോലെ തോന്നി .
പിന്നീട് അയാളും രാജനും ഗെയ്റ്റിനു പുറത്തു കടന്നു . അയാള്‍ ആ ഫാക്റ്ററി കോമ്പൌണ്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി . ഫാക്റ്ററി ഒരു ഭീകര ജീവിയെ പോലെ നില്‍ക്കുന്നു. തന്റെ മുത്തച്ചനെ അടക്കിയ സ്ഥലത്താണ് അതിന്റെ പുകക്കുഴല്‍ , അതിലൂടെ കറുത്തിരുണ്ട പുക ചുരുളുകളായി ആകാശത്തേക്ക് കയറിപ്പോകുന്നു , അത് തന്റെ മുത്തച്ഛന്റെ നെടുവീര്‍പ്പുകളാണോ?, ഹരിക്കുട്ടാ എന്നത് വിളിച്ചു കൊണ്ടിരിക്കുകയാണോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ