വായനക്കാര്‍

നവംബർ 23, 2012

വെറ്റിലയിലും മഷിയിലും തെളിയാത്ത കാര്യങ്ങള്‍

"ചെറ്യെമ്മേ , ഇങ്ങളറിഞ്ഞോ ഇമ്മളെ ചങ്കരന്റെ മോള്‍ ചന്ദിരി വട്ടിപ്പണക്കാരന്‍ തമിളന്റൊപ്പം ഒളിച്ചോടിപ്പോയത്രേ".
 
മുറ്റമടിക്കാന്‍ വന്ന അമ്മിണി കോലായില്‍ നില്‍ക്കുന്ന അമ്മയോട് പറയുന്നത് കേട്ടുകൊണ്ടാണയാള്‍ ‍ ഉറക്കത്തില്‍ നിന്നെണീറ്റത്‌
 അച്ഛന്‍ ഉമ്മറത്തില്ലാത്തത് അവളുടെ ഭാഗ്യം , ഉണ്ടെങ്കില്‍ അവളെ ചീത്ത പറയുമായിരുന്നു
 
"നീ അവെടേം ഇവടേം നടക്കണതൊന്നും ഇവിടെ പറയരുത്" എന്നൊരു താക്കീതും കിട്ടും .
ഉണ്ണീടച്ചന്‍ ഇബടെണ്ടോ . അവള്‍ അമ്മയോട് ചോദിച്ചു
"ഇല്ല , പാലക്കാട്ട് പാര്‍ട്ടീടെ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാവിലെ പോയതാ" . അമ്മ പറഞ്ഞു .
അമ്മിണിക്ക് ആശ്വാസമായി . അവള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു . ഉണ്ണി ജനലിലൂടെ താഴെ മുറ്റത്തേക്ക് നോക്കി .ഇപ്പോള്‍ അവളുടെ തല ആടുകയും കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുകയും ചെയ്യുന്നു .അത് കേട്ട് അമ്മ കീഴ്ചുണ്ട് കടിക്കുകയും താടിക്ക് കൈ വെച്ച് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു .

ഈശ്വരാ എന്തൊക്കെ കേക്കണം കലികാല വൈഭവം . അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി . പിന്നെ അമ്മിണിയുടെ ചൂല്‍ മുറ്റത്ത്‌ ചലിക്കുന്ന ശബ്ദം കേട്ടു. അയാള്‍ മച്ചിലേക്ക് നോക്കി പിന്നെയും കിടന്നു .
"ഉണ്ണ്യേ നീ എണീക്ക്ണ് ല്ലേ, നേരം ശ്ശ്യാ യി" .അമ്മ വിളിച്ചു പറഞ്ഞു .
പല്ല് തേച്ച് പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ അയാളോട് പറഞ്ഞു , "നീയറിഞ്ഞോ ആ വെളിച്ചപ്പാടിന്റെ മകള്‍ ഇന്നലെ രാത്രി ആ തമിളന്റെ കൂടെ ഒളിച്ചോടി പോയത്രേ . ചങ്കരന്റെ കഷ്ട കാലം , പറെയുമ്പോ ഭഗവതീടെ കാവിലെ വെളിച്ചപ്പാടാണ് , കഷ്ട്ടകാലം തീര്‍ന്ന നേരം ല്ല".
ചങ്കരന്‍ ആ നാട്ടിലെ മന്ത്രവാദിയും കാവിലെ വെളിച്ചപ്പാടുമാണ് . നീണ്ട മുടിയും താടിയും ഉള്ള ഒരു വെളുത്ത നിറമുള്ളയാളാണ് ചങ്കരന്‍. അയാള്‍ക്ക്‌ വശീകരണ ശക്തിയുള്ള കണ്ണുകള്‍ ഉണ്ടായിരുന്നു .തുളളുന്നതിന്റെ മുന്‍പ് അയാള്‍ ചാരായം കുടിച്ചിരുന്നു , ആ സമയത്ത് അയാളെ കാണുന്നത് നമ്മെ ഭയപ്പെടുത്തും , ആ കണ്ണുകള്‍ അനന്തതയിലേക്ക് നോക്കി ങ്ങ് ഹും ങ്ങ് ഹും എന്ന് കിതയ്ക്കും .
 
ഗ്രാമത്തില്‍ നിന്ന് മാത്രമല്ല അന്യ നാട്ടില്‍ നിന്നും ആളുകള്‍ തങ്ങളുടെ പ്രശ്ന പരിഹാരത്തിന് ചങ്കരന്റെ വീട്ടില്‍ വന്നിരുന്നു . പ്രേത ബാധയകറ്റാനും , തങ്ങളുടെ നഷ്ട്ടപ്പെട്ട സ്വര്‍ണ്ണ മാല ആര് കട്ട് കൊണ്ട് പോയി എന്നറിയാനും , അന്യ സ്ത്രീകളുടെ വലയില്‍ നിന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാരെ മോചിപ്പിക്കാനും , തങ്ങളുടെ കുട്ടികള്‍ക്ക് അടിക്കടിയുണ്ടാവുന്ന അസുഖങ്ങള്‍ ആര് കൂടോത്രം ചെയ്തിട്ടാണ് എന്നറിയാനും അങ്ങനെ ഒട്ടേറെ പ്രശ്നങ്ങളുടെ നിവര്ത്തിക്കാണ് ആളുകള്‍ ചങ്കരന്റെയടുത്തു പോയിരുന്നത് .

പാടത്തിനക്കരെയാണ് ചങ്കരന്റെ വീട് . പാടം കടന്ന് ചെന്നാല്‍ കാണുന്ന ചെറിയ തോട് അതിനപ്പുറമാണ് ആ വീട് . എപ്പോഴും തണല്‍ വീണു കിടക്കുന്ന ഒരു മരക്കാവിനുള്ളിലാണ് ആ വീട്. മുറ്റത്തിന് ചുറ്റും ചെമ്പരത്തി പൂവുകളും തുളസിയും ഉണ്ടായിരുന്നു .മുറ്റത്ത്‌ മെഴുകിയ ചാണകത്തിന്റെ മണം അവിടെ എപ്പോഴും ഉണ്ടാവും . ചന്ദനത്തിന്റെയും കര്പ്പൂരത്തിന്റെയും പൂജാ വസ്തുക്കളുടെയും മണവും ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും . ആ തൊടിയുടെ വടക്കേ ഭാഗത്തുള്ള ഒരു പ്ലാവിന്റെ ചുവട്ടില്‍ കറുത്ത നിറത്തില്‍ ഒരു കല്പ്രതിമയുണ്ട് . അതാണയാളുടെ ആരാധനാ മൂര്‍ത്തി .‍ അതിന്റെ മുന്നില്‍ എപ്പോഴും ചിരട്ടയില്‍ നിറച്ച് വെച്ച കള്ളുണ്ടാവും . മഞ്ഞളിന്റെയും അരിയുടെയും പൊടി അവിടെ വിതറിയിട്ടുണ്ടാവും .ഒരു കല്‍വിളക്കും അതില്‍ കരിയുടെ പാടുകളും. കത്തിത്തീര്‍ന്ന തിരിയുടെ അവശിഷ്ട്ടങ്ങളും ‍. ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ ആ മാളങ്ങളില്‍‍ ഉണ്ടത്രേ .
തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയ ചന്ദ്രിക നല്ല സുന്ദരിയായിരുന്നു . അവള്‍ കോളേജില്‍ പോയി വരുമ്പോള്‍ ബസ്സിറങ്ങുന്ന കവലയില്‍ ചെറുപ്പക്കാര്‍ അവളുടെ ശ്രദ്ധയാകര്ഷിക്കാന്‍ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ അഴിച്ചിടുകയും സിഗരറ്റ് വലിക്കുകയും ഉച്ചത്തില്‍ പാട്ട് പാടുകയും ചെയ്തിരുന്നു. അവളുടെ ഒരു ചിരി കിട്ടിയാല്‍ ലോട്ടറിയടിച്ച സന്തോഷമായിരുന്നു ചെറുപ്പക്കാര്‍ക്ക്. ആ സുന്ദരി എങ്ങനെ കറുത്ത് തടിച്ച് ചുവന്ന കണ്ണുള്ള ഒരു അണ്ണാച്ചി യെ ഇഷ്ട്ടപ്പെട്ടു ? പ്രേമത്തിന് കണ്ണില്ല എന്നതെത്ര ശരി.
രണ്ടു കൊല്ലം മുന്‍പാണ് ചങ്കരന്റെ മൂത്ത മകന്‍ രഘു ആത്മഹത്യ ചെയ്തത് .കാരണം എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു . ചങ്കരന്‍ മണ്കുടത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പൈസ കട്ടെടുത്തതിന് ചങ്കരന്‍ അവനെ കുറെ അടിച്ചെന്നും , അതല്ല അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി വേറെ കല്ല്യാണം കഴിച്ചു പോയതിലുള്ള സങ്കടം കൊണ്ടാണെന്നും അങ്ങാടിയില്‍ സംസാരം ഉണ്ടായിരുന്നു.
ഇപ്പോള്‍ മകളുടെ ഈ ഒളിച്ചോട്ടം നാട്ടില്‍ ആകെ പാട്ടായിക്കഴിഞ്ഞു . കവലയിലെ ചായക്കടയില്‍ ആളുകള്‍ ചര്‍ച്ച ചെയ്തു . അയാളുടെ മന്ത്രവാദത്തില്‍ വിശ്വാസമില്ലാത്തവര്‍ കളിയാക്കി . അവര്‍ പറഞ്ഞു "അന്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നയാള്‍ സ്വന്തം മകള്‍ എവിടെയുണ്ടെന്ന് മഷിയിട്ടു നോക്കട്ടെ" .
ചങ്കരന്‍ പിന്നീട് മന്ത്രവാദം നിര്‍ത്തി. അയാളുടെയടുത്തു സഹായത്തിനു ചെല്ലുന്നവരെ അയാള്‍ മടക്കിയയച്ചു .ക്രമേണ ആ മുറ്റവും വീടും ശൂന്യമായി .
 
കാലം അവിരാമം യാത്ര തുടര്‍ന്നു . ഒരു അര്‍ദ്ധ രാത്രിയില്‍ അയാള്‍ ചര്ദ്ധിച്ചു , പിന്നെ ചര്ദ്ധിച്ചത് ചോരയായിരുന്നു . ഒരു ചോരക്കളം അയാളുടെ മുന്‍പില്‍ ഉണ്ടായി , നാട്ടുകാര്‍ അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി . പിന്നീടും അയാള്‍ രക്തം ചര്ദ്ധിച്ചു , അതില്‍ ചെറിയ ചെറിയ മാംസക്കഷ്ണങ്ങളും ഉണ്ടായിരുന്നു . ഡോക്കറ്റര്മാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല അയാളുടെ യഥാര്‍ത്ഥ രോഗം . അവസാനം അയാള്‍ മരണത്തിനു കീഴടങ്ങി.
അയാളുടെ മൃതദേഹം തൊടിയുടെ തെക്കേ ഭാഗത്ത്‌ അടക്കം ചെയ്തു . വടക്കേ ഭാഗത്തെ പ്ലാവിന്‍ ചുവട്ടിലെ മൂര്‍ത്തി ആരെയോ കാത്തു നിന്നു , പാമ്പുകള്‍ മാളത്തിനു പുറത്തേക്കു തല നീട്ടി നോക്കി. അപ്പോള്‍ തെക്ക് നിന്ന് ഒരു കാറ്റ് വീശി അത് കുഴിമാടത്തെയും ,മൂര്ത്തിയെയും കടന്ന് പോയി....

നവംബർ 20, 2012

ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം

മെറ്റല്‍ പറിഞ്ഞു പോയ കുണ്ടും കുഴികളും ഉള്ള ഒരു റോഡ്‌ , അതിലൂടെ ആകെ നാലോ അഞ്ചോ ബസ്സുകള്‍. 2 എണ്ണം പാലക്കാട് നിന്നും ഒന്ന് പട്ടാമ്പിയില്‍ നിന്നും മറ്റൊന്ന് കോഴിക്കോട്ടു നിന്നും. ഒന്ന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ ചുറ്റുവട്ടത് നിന്നുള്ളവര്‍ കോട്ടപ്പള്ളയില്‍ വരും, ബസ്സ്‌ കയറാന്‍.
റോഡരികിലെ ആ കെട്ടിടത്തിന്റെ പടിഞ്ഞാറേ തലയ്ക്കല്‍ കുഞ്ഞാണി കാക്കാന്റെ തുണി പീടിക, ഒന്ന് രണ്ടു തുന്നല്‍ക്കാര്‍ മെഷീനില്‍ തൈച്ച് ക്കൊണ്ടിരിക്കുന്നു. കടയ്ക്കുള്ളില്‍ ഷെല്‍ഫില്‍ വിവിധ നിറങ്ങളില്‍ ഉള്ള തുണിത്തരങ്ങള്‍ മടക്കി വെച്ചിരിക്കുന്നു.
അതിനപ്പുറത്ത് പോസ്റ്റ്‌ ഓഫീസ് .പുറത്തൊരു ചുവന്ന കത്ത് പെട്ടി. ഉള്ളില്‍ ഒരു മേശയും അതിന്മേല്‍ കുറച്ച് കടലാസ്സുകളും സീലുകളും. കാക്കി നിറമുള്ള മെയില്‍ ബാഗ് പിന്നില്‍ ഉണ്ട്. മെയില്‍ വന്നാല്‍ പിന്നെ കത്തില്‍ സീല്‍ അടിക്കുന്നതിന്റെ ടാക് ടാക് ശബ്ദം.
അതിനപ്പുറത്ത് തട്ടാന്‍ പൊന്നുവും സഹോദരന്മാരും , തറയില്‍ ഇരുന്ന്‌ മുന്നിലുള്ള പത്രത്തിലെ ഉമിതീയില്‍ ഊതി കാച്ചുന്ന പൊന്ന്. അതെടുത്തു ചെറിയ ചുറ്റിക കൊണ്ട് അടിച്ചു പരത്തി , വളയും മാലയും മോതിരങ്ങളും ഉണ്ടാക്കുന്ന പൊന്നുവും സഹോദരരും. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അവര്‍ക്ക്.
അതിനപ്പുറം ഒസ്സാന്‍ യൂസുഫ് കാക്കാന്റെ ബാര്‍ബര്‍ ഷോപ്പ് ,അവിടെ രാജേഷ്‌ഖന്നയുടെയും അമിതാബ് ബച്ചന്റെയും ഹിപ്പി മുടിയുള്ള ഫോട്ടോകള്‍.
പിന്നിലെ ബെഞ്ചില്‍ പത്രങ്ങളും സിനിമ വാരികകളും. സ്ഥലത്തെ അന്നത്തെ യുവാക്കള്‍ ഇടയ്ക്ക് അവിടെ കയറി വന്നു
യൂസുഫ് കാക്കനോട് കുശലം പറയുകയും, തങ്ങളുടെ മുടി ചീകുകയും , മുഖത്ത് പൌഡര്‍ ഇടുകയും ചെയ്യുന്നു. കൌമാരക്കാര്‍ സിനിമ വാരികയിലെ സുന്ദരികളുടെ ചിത്രം ആസ്വദിക്കുന്നു.
അപ്പുറത്ത് അബൂബക്കെര്‍
കാക്കാന്റെ സൈക്കിള്‍ ഷോപ്പ് . mud ഗാര്‍ഡും ചെയിന്‍ കവറും , pedalum ഇല്ലാത്ത സൈക്കിളുകള്‍, ആണ്‍കുട്ടികള്‍ക്ക് കയ്യില്‍ കാശ് ഉണ്ടായാല്‍ ആകെയുള്ളൊരു ലക്‌ഷ്യം സൈക്കിള്‍ എടുക്കുകയാണ്. അര മണിക്കൂര്‍ പതിനഞ്ചു പൈസ ഒരു മണിക്കൂര്‍ ഇരു പതഞ്ചു പൈസ. ഇപ്പോഴത്തെ ഗ്രൌണ്ട് ന്റെ വടക്ക് ഭാഗത്താണ് സൈകില്‍ പ്രക്ടീസിംഗ്.
ഏറ്റവും ഒടുവില്‍ സെന്റ്‌ മൌലവിയുടെ പെട്ടിക്കടയും. അവിടെ മിട്ടായിയും മോരും വെള്ളവും ഒക്കെ കിട്ടും. പിന്നെ ഒരു ചില്ല് പെട്ടിയില്‍ സെന്റും. ഇഷ്ടപ്പെട്ടവര്‍ക്ക് മൗലവി ഒരു പഞ്ഞിയില്‍ ഇത്തിരി അത്തര്‍ മുക്കി ഷര്‍ട്ടില്‍ തേച്ചു തരും.
സൈതലവി ഹാജിയുടെ കെട്ടിടത്തില്‍ കര്‍ണാടകത്തില്‍ നിന്ന് വന്ന ഒരു തുണി കച്ചവടക്കാരന്‍ ഉണ്ടായിരുന്നു അയാള്‍ക്ക്‌ കയ്യിന്മേല്‍ 6 വിരലുകള്‍ ഉണ്ടായിരുന്നു . അതിനപ്പുറത്ത് സൈദാലി കാക്കാന്റെ തുന്നല്‍ കട. മുന്‍പില്‍ സൈതലവിയുടെ ഹോട്ടല്‍. അവിടെ നിന്ന് മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ഒഴുകി വരുന്നു. ഓ ദുനിയാ കേ.... രഖ് വാലേ....
പാട്ടിന്റെ താളത്തിന് ഭംഗം വരുത്തി പൊട്ടന്റെ ത ...ത .. ത എന്ന ശബ്ദം. അയാള് അവിടുത്തെ പ്രധാന വെള്ളം കോരല്‍ കാരന്‍ ആയിരുന്നു.
പത്തു മണിയോടെ മാത്രമേ അങ്ങാടി സജീവമാവൂ. വെള്ളിയാഴ്ച ചന്ത ദിവസം കുറേ ആളുകള്‍ കൂടും. അലനല്ലൂരില്‍ നിന്നും പച്ചക്കറിക്കാരും മീന്‍ കച്ചവടക്കാരും, കുട നന്നാക്കല്‍, ചെരുപ്പുകുത്തികള്‍ ഒക്കെ വരും. പച്ചക്കറിക്കാരന്‍ ഹംസാക്ക, ഉണക്ക മീന്‍ കൊണ്ട് മമ്മത് കാക്ക , ചക്ളിയന്‍ രാജന്‍ എന്നിവരൊക്കെ അതിന്റെ ഭാഗമാവും. ഇടയ്ക്ക് വേങ്ങൂര്‍ നിന്നും വരുന്ന ഒറ്റക്കള്ളന്‍ കാക്കയും വരും. വെളുത്ത പോളിസ്റെര്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടു തലയില്‍ ഒരു തൊപ്പിയും വെച്ചു ഉറക്കെ സംസാരിക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഞങ്ങള്‍ "മക്കവും മദീനവും" എന്ന് വിളിച്ചിരുന്ന 3 ഡി വ്യൂവറും ഉണ്ടാവും. അതിന്റെ രംഗങ്ങള്‍ അദ്ദേഹം വിവരിക്കും , ഇപ്പൊ ഇങ്ങള്‍ കാണുന്നത് ഹജറുല്‍ അസ്വ ദ്. ഇതാണ് സഫാ മര്‍വ നടത്തം. ....എന്നിങ്ങനെ .
വൈകുന്നേരത്തോടെ പണിയും കഴിഞ്ഞു അന്തി കള്ളും അകത്താക്കി പാട്ട് പാടുകയും കോപ്രായങ്ങള്‍ കാറുകയും ചെയ്യുന്ന ചെറുമക്കള്‍.
അത് കണ്ടു ചിരിക്കുന്ന ആളുകള്‍. വല്ലപ്പോഴും ഒരു കാര്‍ വന്നാല്‍ കുട്ടികള്‍ അതിനെ പൊതിയും, തൊട്ടു തലോടി നില്‍ക്കും. ചിലപ്പോള്‍ കാറിന്റെ ഉടമസ്ഥര്‍ 'മാറിം കുട്ട്യേളെ ' എന്ന് ചീത്ത പറയും. പിന്നെ ആ കാര്‍ ഓടിപ്പോകുന്നതു കൌതുകത്തോടെ നോക്കി നില്‍ക്കും. (1977 നു മുന്‍പത്തെ കൊട്ടപ്പള്ളയുടെ ഒരു നേര്ചിത്രമാണ് മുകളില്‍ വിവരിച്ചത് )

നവംബർ 16, 2012

ഹെയര്‍ഡൈ

"എടാ രവീ,  എന്ത് രസമാടാ നിന്റെ മുടി ! എന്തൊരു ഇടതൂര്‍ന്ന കറുത്ത മുടി ! വെറുതെയല്ല  ഫസ്റ്റ് ഇയറിലെ വെളുത്ത ആ കണ്ണടക്കാരി ബസ്സില്‍ നിന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് . എനിക്കൊന്നും മനസ്സിലാവില്ലാന്ന് കരുത്യോ നീയ് ? അതിന് നിന്റെയീ അണ്‍ റൊമാന്റിക് ആയ ഭാവം കണ്ടാല്‍ ഏതെങ്കിലും പെണ്ണ് നിന്നോട് സംസാരിക്ക്വോ ?ഏതു നേരവും അനന്തതയിലേക്ക് നോക്കിയിരുന്നു ചിന്താലോകത്തു വ്യവഹരിക്കുന്ന ബുദ്ധി ജീവി വര്‍ഗ്ഗമാണല്ലോ നീയൊക്കെ."
ബഷീര്‍ പറയുന്നതിലും കാര്യമുണ്ട് , താന്‍ അവനോടല്ലാതെ അധികമാരോടും ഇടപഴകാത്ത പ്രകൃതമാണ് .വീട്ടില്‍ ചെന്നാല്‍ അമ്മയെന്തെങ്കിലും ചോദിച്ചാല്‍ മൂളലില്‍ ഒതുക്കുന്ന ഉത്തരങ്ങള്‍ .അച്ഛന്‍ വെള്ളിയാഴ്ച വരുമ്പോള്‍ പഠനത്തെ കുറിച്ച് ചോദിക്കുമ്പോഴും അങ്ങനെതന്നെ. അച്ഛന്‍ വന്നു മുറിയാകെ ഒന്ന് നോക്കി ഒന്ന് മൂളുക മാത്രം ചെയ്യും.
ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ അടുത്ത് വന്നു ചോദിച്ചു 
 നീയ്ന്താ രവ്യേ നെന്റെ മുടീം താടീം വെട്ടാണ്ടെ നടക്ക് ണൂ , കണ്ടിട്ട് ഭ്രാന്തന്മാര്യെന്തിണ്ട്.
"വെട്ടണം"   അത് പറഞ്ഞയാള്‍ കൈ കഴുകന്‍ എണീറ്റു . മുറിയില്‍ പോയി കണ്ണാടിയില്‍ നോക്കി , അമ്മ പറയുന്നതില്‍ കാര്യമുണ്ട് . നാളെത്തന്നെ വെട്ടണം. അയാള്‍ മനസ്സില്‍ കരുതി.
പിറ്റേന്ന് ബാര്‍ബര്‍ രാമകൃഷ്ണന്റെ കടയില്‍ ചെന്നപ്പോള്‍ കസേര ഒഴിവില്ല . കയറേണ്ടിയിരുന്നില്ല , ഇനി മുടിവെട്ടിക്കൊണ്ടിരിക്കുന്നയാള്‍ ‍ എണീ ക്കണം .അയാള്‍ സിനിമ  വാരിക എടുത്തു പേജുകള്‍ മറിച്ചു നോക്കി. അപ്പുറത്ത് സ്കൂള്‍ കുട്ടികള്‍ ക്രൈം വാരിക വായിച്ചു കൊണ്ടിരിക്കുന്നു .
"കുട്ട്യേളെ , അത് വായിച്ചു കഴിഞ്ഞൂച്ചാ ‍  ആ കണ്ണാടീടെ പിന്നില്‍ വെക്കണം ട്ടോ " - രാമകൃഷ്ണന്‍ കുട്ടികളോട് പറഞ്ഞു .
രാമകൃഷ്ണന്‍ കസേരയിലുള്ള ഇരയെ "വധിച്ചു" കൊണ്ടേ ഇരിക്കുകയാണ് , അയാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ ഒട്ടിയ  കവിളുകള്‍  കൂടുതല്‍ ഒട്ടുന്ന പോലെ . അയാളുടെ  കുരുവിക്കൂട് സ്റ്റൈല്‍ മുടി ഒരു സ്പ്രിംഗ് പോലെ ആടുന്നുണ്ട്. ആണവക്കരാറും അമേരിക്കയുടെ സാമ്രാജ്യത്വവു മാണ് ഇന്നത്തെ രാമകൃഷ്ണന്റെ വിഷയം. കസേരിലെ ആള്‍ മൂളുന്നുണ്ട്.
രവിയുടെ മുടി വെട്ടുമ്പോള്‍ രാമകൃഷ്ണന്‍ ചിരി ച്ച്  കൊണ്ട് പറഞ്ഞു " കുട്ടീടെ മുടി വെട്ട്യാ അഞ്ചു റു പ്പ്യ ഏറെ തരണം , ന്റെ കത്രി ഓടില്ല , അത്ര എടതൂര്‍ ന്നതല്ലേ . രവി ചിരിച്ചു .
"അല്ല കുട്ട്യേ ഈ ആഴ്ച അച്ഛന്‍ വന്നില്ലേ ? വന്നാല്‍ എന്റടുത്തു വന്നു ഷേവ് ചെയ്യലുണ്ട് , ഈയാഴ്ച കണ്ടില്ല . അടുത്തേക്കെങ്ങോട്ടെങ്കിലും ട്രാന്‍സ്ഫര്‍ കിട്ടില്ലേ ? .
രവി അതിനുത്തരം ഒന്നും പറഞ്ഞില്ല.
"എന്താ മന്ഷ്യാ  നിങ്ങള്‍ കണ്ണാടീടെ മുന്‍പില്‍ നിന്ന് സ്വപ്നം കാണ്.. ണേ" . ഭാര്യയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി . അയാള്‍ കണ്ണാടിയില്‍ നോക്കി .മുക്കാല്‍ ഭാഗം കഷണ്ടി കയറിയ തന്റെ തല, ബാക്കിയുള്ള മുടി മിക്കവാറും നരച്ചിരിക്കുന്നു . അയാള്‍ ഹെയര്‍ ഡൈ യും ബ്രഷും കയ്യിലെടുത്തു . യൌവ്വനം മാത്രം ആവശ്യപ്പെടുന്ന ഈ മത്സരത്തിന്റെ ലോകത്ത് നരച്ച തലകള്‍ക്ക് സ്ഥാനമില്ല .

അസ്തമയം

"നമ്മക്കിന്ന് എടമലേ കേറി അസ്തമയം കാണാ ..ച്ചാ" - അരുണും അശ്വതിയും അത് പറഞ്ഞപ്പോള് അയാള്‍ക്ക്‌ ‍ നിരസിക്കാന്‍ കഴിഞ്ഞില്ല. ഇനി അടുത്തൊന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയില്ല .ഒരു മാസത്തെ അവധി ഇന്ന് രാത്രി കൊണ്ട് തീരുകയാണ്. ഈ അവധിക്കു വരുമ്പോള്‍ മലമ്പുഴയില് കൊണ്ട് പോകാം എന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു . ഓരോ തിരക്ക് കാരണം ഒന്നും നടന്നില്ല .‍ നാളെ ഈ നേരം മണല്‍ നാട്ടിലെ ആ മഹാ നഗരത്തിലാവും താന്‍. . ഇതും കൂടി സാധിപ്പിച്ചു കൊടുത്തില്ലെങ്കില്‍ അവിടെ ചെന്നാല്‍ അതിന്റെ കുറ്റബോധവും ഉണ്ടാവും.അങ്ങനെയാണ് അയാളും ഭാര്യയും രണ്ടു കുട്ടികളും കൂടി എടമലയില്‍ കയറുന്നത്
 
അസ്തമയത്തിന് കുറച്ചു കൂടി സമയമുണ്ട് . പടിഞ്ഞാറേ ചക്രവാളം കുങ്കുമ വര്‍ണം പൂശിയിരിക്കുന്നു. താഴെ നെല്‍പ്പാടങ്ങള്‍ ഭൂപടത്തിലെ അതിരുകള്‍ പോലെ കാണപ്പെട്ടു. അമ്പലപ്പറമ്പില്‍ മേയുന്ന പശുക്കള്‍, അതിനപ്പുറത്ത് പുളിയം തോട് വളഞ്ഞു പുളഞ്ഞൊഴുകുന്നു.കുട്ടികള്‍ അവുലിയ പാപ്പന്റെ കിണറിനപ്പുറം ഒരു പൂമ്പാറ്റയെ പിടിക്കാന്‍ ശ്രമിച്ചു. അയാളും ഭാര്യയും അവിടെയിരുന്നു. മേലാറ്റൂര്‍ ഓട്ടു കമ്പനിയുടെ പുകക്കുഴല്‍ അങ്ങ് ദൂരെക്കാണാം. അവിടേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ ഭാര്യയോടു പറഞ്ഞു :
 
"സന്ധ്യേ , ആ പുകക്കുഴലും കഴിഞ്ഞു കുറെ പോയാല്‍ കോഴിക്കോട് എയര്‍ പോര്‍ട്ട്‌ ആയി ,  അവിടുന്ന് നേരെ.............."
 
"ഉണ്ണ്യേട്ടാ , ഒരു വീടെങ്കിലും ആയിരുന്നെങ്കില്‍ പോണ്ടാന്ന്‍ ചാല്‍ മത്യായിരുന്നു  , ഇനി രണ്ട് കൊല്ലമെങ്കിലും കഴ്യാതെ ഒന്ന് കാണാന്‍ കഴില്ല്യല്ലോ  " വിഷമത്തോടെ സന്ധ്യ പറഞ്ഞു 
 
അയാള്‍ അവളുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കി , അവളുടെ കവിളിലൂടെ കണ്ണീര്‍ ചാലിട്ടിരിക്കുന്നു , അസ്തമയ സൂര്യന്റെ രശ്മികള്‍ അതില്‍ തട്ടി സ്വര്‍ണ നിറം ആയിരിക്കുന്നു .അയാള്‍ അവളെ ആശ്വസിപ്പിച്ചില്ല, കരയട്ടെ കുറെ കരഞ്ഞ് സങ്കടം തീരട്ടെ , അയാള്‍ മനസ്സില്‍ കരുതി . അവളുടെ സ്വര്‍ണ നിറമുള്ള കണ്ണീര്‍ അവുലിയ പാപ്പാന്റെ കിണറ്റിനു മുകളിലുള്ള ഒരു കല്ലില്‍ വീണു , അപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു പാട് തേങ്ങലുകള്‍ കേള്‍ക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു , ഭൂമിയില്‍ ഇരുട്ട് മൂടി , ആ ഇരുട്ട് അവരെയും വിഴുങ്ങി, ഉള്ളില്  ഒരു പാട് ഇരുട്ടും ഒരു കടല്‍ നിറയെ കണ്ണീരുമായി അവര്‍ മലയിറങ്ങി .

ജൂലൈ 02, 2011

ദാറുസ്സലാമിലെ തണല്‍ മരങ്ങള്‍ പറയുന്നത്

ഇസ്ലാമിക സാഹിത്യത്തിലെ അതുല്യ വ്യക്തിത്വമായിരുന്ന സി.എന്‍.അഹമ്മദ് മൗലവി യെ കുറിച്ചുള്ള അനുസ്മരണം.


സി. എന്‍. ഈ രണ്ടക്ഷരം കേരളത്തിലെ അക്ഷര സ്നേഹികള്‍ക്ക് സുപരിചിതമാണ്. മലയാളത്തില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പരിഭാഷ നടത്തിയ വ്യക്തി. വധ ഭീഷണികള്‍ ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും വക വെയ്ക്കാതെ സധൈര്യം തന്റെ ദൌത്യവുമായി മുന്നോട്ടു പോയ അസാധാരണ എഴുത്തുകാരന്‍.   1905  മുതല്‍ 1993  വരെയുള്ള ആ സംഭവ ബഹുലമായ ആ ജീവിതത്തിന്റെ ഒരു ചെറു വിവരണം.     

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ചേരൂരില് നാത്താങ്കോടന്‍ കുട്ടിഹസ്സന്റെയും അഴുവത്ത് ഖദീജയുടെയും മകനായി 1905 ല്‍ ജനനം. മുസ്ലിം സമൂഹം വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു  ആ കാലത്തും പിതാവ് അദ്ധേഹത്തെ സ്കൂളില്‍ ചേര്‍ത്തു. മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവ തല്പരനായിരുന്നു അദ്ദേഹം. താമസിയാതെ പിതാവിന്റെ ദേഹ വിയോഗം. യാഥാസ്തിക മത നേതാക്കളും പുരോഹിതരും ഗൂഡാലോചന നടത്തി ഇതിനിടെ ആ സ്കൂള്‍ അടപ്പിച്ചിരുന്നു. വിജ്ഞാന തല്പരനായ അഹമെദ് തന്റെ ജേഷ്ടന്‍ കുഞ്ഞാലന്‍ മുസ്ലിയാര്‍ പഠിപ്പിച്ചിരുന്ന കരുവാരകുണ്ടിലെ പള്ളി ദര്സ്സില്‍ ചേര്‍ന്നു. 1920 ല്‍ കരുവാരകുണ്ട് വിട്ടു വീണ്ടും ചേരൂരില്‍ വന്നു കൃഷിപ്പണിയും ആട് വളര്‍ത്തലും തുടങ്ങി. അങ്ങനെ ഊരകം മലയിലെ ഒരു പാറക്കെട്ടിലിരുന്നു അഹമെദ് ആലോചിച്ചു, തന്റെ ജീവിതം ഇങ്ങനെ ആട് മേയ്ക്കലും കൃഷിയുമായി കൊണ്ട് പോയാല്‍ മതിയോമുടങ്ങിക്കിടക്കുന്ന പഠനം തുടര്‍ന്നാലോ എന്ന്. കരുവാരകുണ്ടിലെ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം വീണ്ടും അവിടേക്ക് വന്നു പഠിത്തം തുടര്‍ന്നു. അസാമാന്യ ബുദ്ധിയും വിജ്ഞാന തല്പരനുമായ ഈ കുട്ടിയോട് മദ്രസ്സിലോ വെല്ലൂരിലോ പോയി തുടര്‍ പഠനം നടത്താന്‍ അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു.

അങ്ങനെ 1926 ല്‍ പ്രശസ്തമായ മദ്രാസ്ജാ മാലിയ കോളേജില്‍ ചേര്‍ന്നു. ആ കലാലയത്തിലെ ചുറ്റുപാടുകളും, ഗ്രന്ഥ ശേഖരങ്ങളും ,ലോക പ്രശസ്ത വ്യക്തിത്വങ്ങളുടെ സന്ദര്‍ശനവും, കോളേജിന്റെ ട്രസ്റ്റി ജമാല്‍ മുഹമ്മദ്‌ സാഹിബിന്റെ പുരോഗമന ആശയങ്ങളും വ്യക്തിത്വവും അദ്ധേഹത്തെ സ്വാധീനിച്ചു . ഈ കാലഘട്ടത്തിലാണ് കോണ്‍ഗ്രസ്‌ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ സാഹിബ് കോളേജ് സന്ദര്‍ശിക്കുന്നത്.ഒഴിവു സമയത്ത് അദ്ധേഹത്തെ ചെന്ന് കണ്ടു. അദ്ധേഹത്തിന്റെ ഉപദേശങ്ങള്‍, വ്യക്തിത്വം എല്ലാം യുവാവായ അഹമെദില്‍  മതിപ്പുളവാക്കി. ആ സ്വാധീനത്തില്‍ കോണ്‍ഗ്രസ്‌ അനുഭാവിയായി. പിന്നീട് 1928 ല്‍ വെല്ലൂരിലെ ബാഖിയാത്ത് സ്സ്വാലിഹാത് കോളേജില്‍ ചേര്‍ന്നു പഠിച്ചു .1930ല്‍ മൌലവി ഫാസില്‍ ബാഖവി ബിരുദവും1931 ല്‍ അഫ്സലുല്‍ ഉലമയും പാസ്‌ ആയി. അതേ വര്ഷം തന്നെ മലപ്പുറം ട്രെയിനിംഗ് സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ ചേര്‍ന്നു.
1932 ല്‍ മലപ്പുറത്തെ ചപ്പങ്ങാട്ടില്‍ ഹസ്സന്‍ ഹാജിയുടെ മകള്‍ ബിരിയക്കുട്ടിയെ ജീവിത സഖിയായി കിട്ടി. എന്ത് കൊണ്ടും അഹമ്മദിന്നു യോജിച്ച ഭാര്യയായിരുന്നു അവര്‍.  നല്ല മത ഭക്തയും, ഭര്‍ത്താവിന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നവരുമായിരുന്നു. ആ  ദമ്പതികള്‍ക്ക്  കണ്ണിനു കുളിരായി  1933  ല്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു   അവള്‍ക്കവര്‍ ഹഫ്സ എന്ന് പേരിട്ടു, ഉമ്മു എന്ന് വിളിച്ചു. സംഘര്‍ഷങ്ങളും പ്രയാസങ്ങളും നിറഞ്ഞ ആ നാളുകളില്‍ മകളുടെ മുഖം കാണുമ്പോള്‍ എന്തെന്നില്ലാത്ത സമാധാനം ലഭിച്ചു. 1936 ല്‍ അവര്‍ക്ക് ഒരു ആണ്കുഞ്ഞിനെക്കൂടി അല്ലാഹു നല്‍കി. കുഞ്ഞിന്നവര്‍  അബ്ദു റഹീം എന്ന് പേരിട്ടു. കാലം ഒഴുകിക്കൊണ്ടേയിരുന്നു.

1936 ല്‍മലപ്പുറം മുസ്ലിം ഹൈസ്കൂള്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമാകുന്നതിന്നുള്ള യത്നങ്ങളില്‍ ഹെഡ്മാസ്റ്റര്‍ സി ഒ ടി കുഞ്ഞിപ്പക്കി സാഹിബിന്റെയും മറ്റു അധ്യാപകരുടെയും കൂടെ പ്രവര്‍ത്തിച്ചു

'ഇസ്ലാമിലെ ധനവിതരണ പദ്ധതി' എന്ന  കൃതിയുടെ രചനയ്ക്ക് വേണ്ടി  ദക്ഷിണേന്ത്യയിലെ പ്രശസ്ത ഉമരാബാദ് ലൈബ്രറിയില്‍പോയി . 1938 ല്‍   പുസ്തകം പ്രസിദ്ധീകരിച്ചു . ഒട്ടേറെ ഗവേഷകര്‍ക്ക്‌ സഹായകരമായിട്ടുണ്ട് ഈ പുസ്തകം . മുസ്ലിം ചെറുപ്പക്കാര്‍കമ്മ്യൂണിസ്റ്റ്  ആദര്ശത്തിലേക്ക്  നീങ്ങിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത് പുറത്തു  വന്നത്.

1939  ല്‍  മൂന്നാമത്തെ മകന്‍ മഹമൂദ് ഹസ്സനെ പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ എല്ലാമായ പ്രിയതമ മരണപ്പെട്ടു. അഹമ്മദ് അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നു. പൊതു പ്രവര്‍ത്തനങ്ങള്‍ ക്കിടയിലുള്ള പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അദ്ദേഹം ഇവിടെ ദുര്‍ബലനായി. പറക്കമുറ്റാത്ത 3 മക്കള്‍, അവരുടെ ഭാവി, എങ്ങനെ ആലോചിച്ചിട്ടും എവിടെയും ഒരു കര കാണുന്നില്ല. അവസാനം ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മരണപ്പെട്ട ഭാര്യയുടെ അനുജത്തി ആമിനയെ വിവാഹം കഴിച്ചു. അവര്‍ ഈ കുഞ്ഞു മക്കളെ സ്വന്തം മക്കളെപ്പോലെ നോക്കി. 1942  ല്‍  അബ്ദുല്‍ ഹക്കീം എന്ന നാലാമത്തെ മകനെ പ്രസവിച്ചു.

1944 - 1948  കളില്‍ അബുസ്സബാഹ് മൌലവിയുമായി ചേര്‍ന്ന് ഫറൂഖില്‍ രൌലത്തുല്‍  ഉലൂം  അറബിക് കോളേജിന്റെ  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍.

1944 ല്‍ ഒരു മകള്‍ കൂടി ജനിച്ചു, അവള്‍ക്ക് അദ്ദേഹം ആദ്യ ഭാര്യയുടെ പേര് നല്‍കി, ബിരിയക്കുട്ടി. കുടുംബം ചെരൂരിലും, കരുവാരകുണ്ടിലും, ഒക്കെയായി മുന്നോട്ടു പോയി. പിന്നീട് 1947  ല്‍  മകന്‍ അബ്ദു സാലാമിന്റെ ജനനം,     

1944 ജോലിയില്‍ നിന്ന് രാജി വെച്ചു. പിന്നീട് ഊട്ടി , വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചവടത്തില്‍ ഏര്‍പെട്ടു. അതെല്ലാം നഷ്ടത്തില്‍ കലാശിച്ചപ്പോള്‍ കരുവാരകുണ്ടില്‍ കപ്പ,നെല്‍ കൃഷികളില്‍ പരീക്ഷണം. ഫലം തഥൈവ. 1949 ല്‍ കരുവാരകുണ്ടില്‍ നിന്ന് അന്‍സാരി മാസിക തുടങ്ങി. അതിന്റെ ഉള്ളടക്കവും പുരോഗമന  ആശയങ്ങളും ജനം സ്വീകരിച്ചു. 14 ലക്കം ഇറക്കി പ്രതിസന്ധി മൂലം നിര്‍ത്തേണ്ടി വന്നു.
  1950 ല്‍ എടത്തനാട്ടുകരയിലേക്ക് താമസം മാറ്റി.പ്രകൃതി സുന്ദരമായ ഈ സ്ഥലം തന്റെ സര്‍ഗ ശേഷിയെ‍ ഉത്തേജിപ്പിക്കും എന്നദ്ധേഹം കരുതി സ്ഫടിക സമാനമായ ശുദ്ധ ജലം ഒഴുകുന്ന പുളിയന്‍ തോട്. വീടിന്റെ പൂമുഖത്തിരുന്ന് നോക്കിയാല്‍ അകലെ സഹ്യന്റെ ശാഖകള്‍ അതിരിട്ട മലയോര ക്കാഴ്ചകള്‍. അദ്ധേഹത്തിന്റെ ഒരുപാട്  രചനകള്‍ക്ക് ഈ പ്രകൃതി സാക്ഷിയാണ്. ചിന്തകളില്‍ മുഴുകിയിരിക്കുമ്പോള്‍ കുളിര്‍ക്കാറ്റ് ആ മുഖവും മനസ്സും തഴുകി തണുപ്പിച്ചിരിക്കണം . പുളിയന്‍ തോട്ടിലെ തണുത്ത ജലകണങ്ങള്‍  അദ്ധേഹത്തിന്റെ  മനസ്സ് എകാഗ്രമാക്കിയിരിക്കണം. ഇതിനിടക്ക്‌ മലപ്പുറം പറപ്പൂരില്‍ നിന്ന് വന്ന അബ്ദു റഹ്മാന്‍ മൌലവിയുമായി ചേര്‍ന്ന് എടത്തനാട്ടുകരയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അവിടുത്തെ പൌര പ്രമുഖന്മാര്‍ ആദ്യം തന്നെ പുരോഗമന ആശയങ്ങളെ സ്വീകരിച്ചു പിന്നീട് ഇടത്തരക്കാരും അവരുടെ പാത സ്വീകരിച്ചു. ഇന്ന് അരീക്കോട് കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിനു ഏറ്റവും സ്വാധീനമുള്ള മേഖല ഒരു പക്ഷെ എടത്തനാട്ടുകരയായിരിക്കും. ഇതേ വര്‍ഷമാണ്‌ അടുത്ത മകന്‍ അബ്ദു സമദിന്റെ ജനനം.
1953  ല്‍ അടുത്ത മകള്‍ പിറന്നു, ആബിദ. മകന്‍ അബ്ദുല്‍ കരീമിന്റെ ജനനം 1956  ലും
 അതിന്നു താഴെ അബുല്‍ കലാം ആസാദ് ജനിക്കുന്നത് 1959  ലും. അദ്ദേഹം പുസ്തക രചനയുമായി ബന്ധപ്പെട്ടു പുറം ദേശങ്ങളില്‍ പോകുമ്പോഴൊക്കെ ഭാര്യ ആമിന മക്കളുടെ കാര്യം വേണ്ട  പോലെ ശ്രദ്ധിച്ചു .  അവരുടെ തണല്‍ അദ്ദേഹത്തിന്നു  വല്ലാത്ത ആശ്വാസം തന്നെ നല്‍കി.
 1951 ല്‍ പെരുമ്പാവൂരിലെ മജീദ്‌ മരക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തന സാധ്യതകള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. അങ്ങനെ ആ ക്ലേശകരമായ  ദൌത്യം ഏറ്റെടുത്തു കൊണ്ട് റഫറന്‍സ് ആവശ്യാര്‍ത്ഥം ഹൈദരാബാദിലെ ലൈബ്രറിയില്‍ കുറെകാലം ചെലവഴിച്ചു. വായനയുടെയും  അന്വേഷണങ്ങളുടെയും ,കുറിപ്പുകള്‍ തയ്യാര്‍ ആക്കുന്നതിന്റെയും ദിനങ്ങള്‍. 1956 ല്‍ കോഴിക്കോട് അന്‍സാരി ബുക്ക് ഡിപ്പൊ തുടങ്ങി . അടുത്ത വര്ഷം മുടങ്ങി കിടന്നിരുന്ന അന്‍സാരി മാസിക ന്യൂ അന്‍സാരി മാസിക എന്ന  പേരില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 1956 ല്‍ എടത്തനാട്ടുകരയില്‍ ഒരു ഹൈസ്ക്കൂള്‍ ഉണ്ടാക്കുന്നതിന്നുള്ള ശ്രമങ്ങളില്‍ മുഴുകി. നീണ്ട പത്തു വര്‍ഷങ്ങളിലെ കഠിന പ്രയത്നങ്ങള്‍ക്കൊടുവില്‍  1961 ല്‍ പരിശുദ്ധ ഖുര്‍ ആനിന്റെ സമ്പൂര്‍ണ്ണ പരിഭാഷ പുറത്തിറക്കി .ഇതിനു  അന്നത്തെ കേന്ദ്ര ഗവര്‍മെന്റിന്റെ പ്രത്യേക ഗ്രാന്റും കിട്ടിയിരുന്നു . ഖുര്‍ആന്‍ പരിഭാഷ ചെയ്യുന്നതില്‍ പരമ്പരാഗത മുസ്ലീം സമൂഹം എത്ര കണ്ടു എതിര്ത്തുവോ അത്രത്തോളം തന്നെ പുരോഗമന വാദികളും പല തരം എതിര്‍പ്പുകളും അസഹിഷ്ണുതയും പ്രകടിപ്പിച്ചു . സിഎന്നെ വിമര്‍ശിക്കാന്‍ കിട്ടിയ ഒരവസരവും ഇക്കൂട്ടര്‍ പാഴാക്കിയില്ല. തന്നെ കാണുമ്പോള്‍ വലിയ ശബ്ദത്തില്‍ തക്ബീര്‍ മുഴക്കുന്ന അനുയായി വൃന്ദത്തെ അദ്ദേഹം ഉണ്ടാക്കിയില്ല. ഒരു ഇസത്തിന്റെയും വാക്താവായില്ല. മരണം വരെ കൃഷിയും, കച്ചവടവും,ചെയ്തു ജീവിച്ചു. മത പ്രവര്‍ത്തനം അദ്ദേഹത്തിന്നു ഉപജീവന മാര്‍ഗം അല്ലായിരുന്നു. മറിച്ച്‌ അത് തന്റെ കടമയായി കരുതി. മരണം വരെയും ആരുടേയും സഹായമില്ലാതെ ജീവിച്ചു. വളരെ അനുകരണീയമായ മാതൃക. സാമ്പത്തിക രംഗത്തെ അദ്ധേഹത്തിന്റെ സൂക്ഷ്മത അപാരമാണ്. ഒരു പ്രത്യേക വിഷയത്തില്‍ ഭൂരിപക്ഷം പറയുന്നത് തെറ്റാണെങ്കില്‍, ശരിയുടെ പക്ഷമുള്ള ആ ന്യൂന പക്ഷത്തിന്റെ കൂടെയാണ്  അദ്ദേഹം ഉണ്ടാവുക. അത് കൊണ്ട് തനിക്കെന്തെങ്കിലും ഭൌതിക നഷ്ടങ്ങള്‍ ഉണ്ടാവുമോ എന്നദ്ദേഹം ഭയപ്പെട്ടില്ല.

അങ്ങനെയിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ മനസ്സില്‍ ദീര്‍ഘ നാളുകളായ് താലോലിച്ചിരുന്ന ഒരാഗ്രഹം വീണ്ടും മൊട്ടിട്ടു. കിഴക്കന്‍ ഏറനാട്ടില്‍ ഒരു കോളേജ്. അങ്ങനെ 1963 ല്‍ മമ്പാട് അത്തന്‍ മോയന്‍ അധികാരിയുമായി  ഇതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പിന്തുണയുമായി എം.കെ.ഹാജിയും എത്തി . അങ്ങനെ അത്തന്‍ മോയന്‍ അധികാരി  നല്കിയ  വിശാലമായ സ്ഥലത്ത് 1965 ല്‍ കോളേജ് യാഥാര്‍ത്യമായി. (ഇന്ന് ഈ കോളേജ് മലബാറിലെ ഏറ്റവും നല്ല  കോളേജുകളില്‍ ഒന്നാണ്). 1969 ല്‍ ഈ കോളേജ് എം.ഇ.എസ്സിന് ഏല്പിച്ചു കൊടുത്തു.

1959 – 1964 കാലത്ത് കേരള സാഹിത്യ അക്കാദമി അംഗം. പുത്തെഴത്ത് രാമന്‍ മേനോന്‍ പ്രസിഡണ്ടും കെ.പി. കേശവ മേനോന്‍ വൈസ്പ്രസിഡണ്ടും,ഡോ.ഭാസ്കരന്‍ നായര്‍ സെക്രട്ടറിയും ആയ അന്നത്തെ അക്കാദമിയില്‍ പ്രഗല്‍ഭരായ മറ്റു മെമ്പര്‍ മാര്‍ താഴെപ്പറയുന്നവരായിരുന്നു . ശൂരനാട് കുഞ്ഞന്‍ പിള്ള, മുതുകുളം പാര്‍വതിയമ്മ,ലളിതാംബിക അന്തര്‍ജ്ജനം, അമ്പാടി കാര്‍ത്ത്യാനിയമ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരടി,കെ.വാസുദേവന്‍ മൂസ്സത്, എന്‍.ഗോപാല പിള്ള , റവ.ഫാദര്‍ സി കെ മാറ്റം, ജോസഫ്‌ മുണ്ടശ്ശേരി, എന്‍ വി കൃഷ്ണ വാരിയര്‍, ജി വൈദ്യനാഥ അയ്യര്‍,കുറ്റിപ്പുഴ കൃഷ്ണ പിള്ള ,പി കെ കോരു,തകഴി ശിവശങ്കര പിള്ള, എസ.കെ.പൊറ്റെക്കാട്, എം.പി അപ്പന്‍, പി.കുഞ്ഞിരാമന്‍ നായര്‍.

1965 ല്‍ ചെരൂരില്‍ നിന്നും മൂന്നാം വിവാഹം. അതില്‍ ഒരു പെണ് കുഞ്ഞും കൂടി ജനിച്ചു, റഹ്മത്ത് (1967) എഴുത്തും വ്യാപാരവും ഒരുമിച്ചു കൊണ്ടുപോകാന്‍ കോഴിക്കോട് താമസിക്കുന്ന അദ്ദേഹത്തിന്നു അവരുടെ സഹായം ആവശ്യമായിരുന്നു.

1970 ല്‍ വീണ്ടും കച്ചവടത്തിലേക്ക്. കോഴിക്കോട് മിഠായി തെരുവില്‍ കൌസര്‍ സ്റ്റോര്‍ എന്ന റെഡി മെയിഡ് സ്ഥാപനത്തിന്റെ തുടക്കം. അതെ കാലത്ത് തന്നെ ആസാദ് ബുക്ക് സ്റ്റാള്‍ തുടങ്ങി.
1981  മകന്‍ അബ്ദുല്‍ ഹകീമിന്റെ അകാല മരണം അദ്ദേഹത്തിന്നു സഹിക്കാവുന്നതായിരുന്നില്ല. ആരും കാണാതെ, ആരോടും ഒന്നും പറയാതെ ആ വേദനകള്‍ ഉള്ളിലിരുന്നു നീറി. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ എല്ലാം ക്ഷമയോടെ അദ്ദേഹം തരണം ചെയ്തു.
1985 കാലം, ഇന്ത്യയില്‍ ശാബാനു കേസിന്റെ ചര്‍ച്ചകള്‍ നടക്കുന്നു, വിവാഹ മുക്തക്ക് ഭര്‍ത്താവ് ചിലവിനു കൊടുക്കണം എന്ന സുപ്രീം കോടതി വിധിക്കെതിരെ ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും രംഗത്ത് വന്നപ്പോള്‍ അദ്ദേഹം അവിടെയും ശരിയുടെ പക്ഷത്ത് ഉറച്ചു നിന്നു, സുപ്രീം കോടതി വിധിയെ പിന്തുണച്ചു. ഈ കാലഘട്ടത്തിലും അദേഹത്തിനു സ്വന്തം സമൂഹത്തില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഏതു കൊടുങ്കാറ്റിലും പിടിച്ചു നിന്ന അനുഭവങ്ങളുള്ള അദ്ദേഹം ഈ വിമര്‍ശനങ്ങളെയും സധൈര്യം നേരിട്ടു.
1989 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ധേഹത്തെ ആദരിച്ചു.

നീണ്ട അരനൂറ്റാണ്ടിലേറെയുള്ള സാഹിത്യ സപര്യയില്‍ മലയാളിക്ക് അദ്ധേഹത്തിന്റെ തൂലികയിലൂടെ ലഭിച്ച കൃതികളില്‍ ചിലത് :-

പരിശുദ്ധ  ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ

ഇസ്ലാമിക പാഠാവലി

ഇസ്ലാമിലെ ധന വിതരണ പദ്ധതി

ഖുര്‍ആന്‍ എന്ത്, എന്തിന്‌

ഇസ്ലാം ഒരു സമഗ്ര പഠനം

സഹീഹുല്‍ ബുഹാരി പരിഭാഷ

ഇസ്ലാം ചരിത്രം - മുഹമ്മദ്‌ നബിയും മുന്‍ പ്രവാചകന്മാരും

മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കെ കെ മുഹമ്മദ്‌ അബ്ദുല്‍ കരീമുമായി ചേര്‍ന്ന് )

യസ്സര്നല്‍ ഖുര്‍ആന്‍

പലിശ

ഖുര്‍ ആനിന്റെ മൂല സിദ്ധാന്തം

ഖുര്‍ആന്‍ ക്രോഡീകരണം

അഞ്ചു നേരത്തെ നമസ്കാരം ഖുര്‍ആനില്‍

ചന്ദ്ര മാസ നിര്‍ണയം


വിജ്ഞാന സമാഹരണത്തിന്റെ ഭാഗ്ഗമായി ഒട്ടേറെ വിദേശ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
സന്ദര്‍ശിച്ച രാജ്യങ്ങള്‍ . സൗദി  അറേബ്യ,ഖത്തര്‍, യു എ ഇ ,ഒമാന്‍, പാകിസ്താന്‍, മലേഷ്യ,സിങ്കപൂര്‍, കുവൈത്ത്, ഈജിപ്ത്.

1991 ല്‍ എടത്തതനാട്ടുകരയില്‍ ലോക നിലവാരത്തിലുള്ള ഒരു ലൈബ്രറിയും ഗവേഷണ കേന്ദ്രവും തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തന്റെ കൈവശമുള്ള പുസ്തകങ്ങള്‍ മുഴുവനും ഇതിനു നല്‍കാനും അദ്ദേഹം തീരുമാനിച്ചിരുന്നു.

1992 ഡിസംബര്‍ ആറ്‌ മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം. ബാബരി മസ്ജിദ് ഫാഷിസ്റ്റ്‌ ശക്തികളാല്‍
തകര്‍ക്കപ്പെട്ടു. അതിനോടനുബന്ധിച്ച്‌ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ഗീയ ലഹളകള്‍ പൊട്ടിപുറപ്പെട്ടു. അകന്നു കൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം മനസ്സുകളെ തമ്മില്‍ അടുപ്പിക്കാന്‍ ഒരു ശ്രമം എന്ന നിലയ്ക്ക് 1993 മാര്‍ച് 31 നു സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളായ വൈക്കം മുഹമ്മദ്‌ ബഷീര്‍, എം ടി വാസുദേവന്‍ നായര്‍, എം പി വീരേന്ദ്ര കുമാര്‍, ബിഷപ്‌ മാക്സ് വെല്‍ നെരോണ,പി പി ഉമ്മര്‍ കോയ, ഡോ. മൊയ്തു,പ്രൊഫസ്സര്‍ കെ എ ജലീല്‍, സ്വാമി സിദ്ധിനന്താനന്ദ, പി വി ചന്ദ്രന്‍, ഡോ.സി കെ രാമചന്ദ്രന്‍, എം എ ഉണ്ണീരിക്കുട്ടി, ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ തെരുവത്ത് രാമന്‍ എന്നിവരുള്‍പ്പെടെ നൂറിലധികം പ്രഗല്‍ഭ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി കോഴിക്കോട് അളകാപുരിയില്‍ വെച്ച് ഒരു ഈദ് മീറ്റ് സംഘടിപ്പിച്ചു. ആ പരിപാടി കഴിഞ്ഞ്‌ അര്‍ദ്ധരാത്രി ജസ്റ്റിസ് ചന്ദ്രശേഖര മേനോനെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കി പത്ത് കിലോ മീറ്ററോളം ദൂരമുള്ള ചേവായൂര്‍ വീട്ടിലേക്കു നടന്നു. നാട്ടുകാരനായ പാറോക്കോട്ട് ഹംസയും കൂടെയുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ചെറിയ മൂത്ര തടസ്സം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മൂന്നാഴ്ചയോളം മരുന്നുകളും ചികിത്സകളുമായി മല്ലിട്ടു. അവസാനം ……..
1993  ഏപ്രില്‍ 27  ന് മരുന്നുകളെയും, ഡോക്ടര്‍മാരെയും തോല്‍പ്പിച്ചുകൊണ്ട് അലംഘനീയമായ ആ ദൈവിക വിധി നടപ്പാക്കപ്പെട്ടു . ഇഹലോകത്തെ കാറ്റും കോളും , പ്രയാസങ്ങളും, പ്രതിസന്ധികളും,വേദനകളും, വിങ്ങലുകളും,ദുരിതങ്ങളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് അദ്ധേഹത്തിന്റെ ആത്മാവിനെ അല്ലാഹുവിന്റെ മാലാഖമാര്‍ കൊണ്ട് പോയി ഇവയൊന്നും ഇല്ലാത്ത ലോകത്തേക്ക്........

എടത്തനാട്ടുകര ദാറുസ്സലാം ഖബര്‍സ്ഥാനിലെ തണല്‍ മരങ്ങള്‍ കുടപിടിച്ച് നില്‍ക്കുകയാണ്, കാറ്റില്‍ തലയാട്ടി നമ്മെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്,  ദിവ്യ വചനങ്ങളുടെ വെളിച്ചം കയ്യിലേന്തി സമൂഹത്തിനു മുന്നില്‍ നടന്ന ആ വഴി കാട്ടി,  നാടിന്റെ പ്രിയ പുത്രന്‍ ഇവിടെ വിശ്രമത്തിലാണ് എന്നറിയിച്ചു കൊണ്ട് അവ പൂക്കുകയും ഫലം പൊഴിക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ് .........

( ഇതെഴുതുന്നയാള്‍ സി.എന്‍.അഹമ്മദ് മൌലവിയുടെ മകന്‍ മഹമൂദ് ഹസ്സന്റെ മകനാണ് )

 

(കൂടുതല്‍ അറിയാന്‍ ലിപി പുബ്ലിഷിങ്ങിന്റെ ഡോ. എം.എന്‍. കാരശ്ശേരി എഡിറ്റര്‍ ആയ 'സിഎന്‍ സ്മരണിക' എന്ന പുസ്തകം നോക്കുക)