വായനക്കാര്‍

നവംബർ 23, 2012

വെറ്റിലയിലും മഷിയിലും തെളിയാത്ത കാര്യങ്ങള്‍

"ചെറ്യെമ്മേ , ഇങ്ങളറിഞ്ഞോ ഇമ്മളെ ചങ്കരന്റെ മോള്‍ ചന്ദിരി വട്ടിപ്പണക്കാരന്‍ തമിളന്റൊപ്പം ഒളിച്ചോടിപ്പോയത്രേ".
 
മുറ്റമടിക്കാന്‍ വന്ന അമ്മിണി കോലായില്‍ നില്‍ക്കുന്ന അമ്മയോട് പറയുന്നത് കേട്ടുകൊണ്ടാണയാള്‍ ‍ ഉറക്കത്തില്‍ നിന്നെണീറ്റത്‌
 അച്ഛന്‍ ഉമ്മറത്തില്ലാത്തത് അവളുടെ ഭാഗ്യം , ഉണ്ടെങ്കില്‍ അവളെ ചീത്ത പറയുമായിരുന്നു
 
"നീ അവെടേം ഇവടേം നടക്കണതൊന്നും ഇവിടെ പറയരുത്" എന്നൊരു താക്കീതും കിട്ടും .
ഉണ്ണീടച്ചന്‍ ഇബടെണ്ടോ . അവള്‍ അമ്മയോട് ചോദിച്ചു
"ഇല്ല , പാലക്കാട്ട് പാര്‍ട്ടീടെ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു രാവിലെ പോയതാ" . അമ്മ പറഞ്ഞു .
അമ്മിണിക്ക് ആശ്വാസമായി . അവള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു . ഉണ്ണി ജനലിലൂടെ താഴെ മുറ്റത്തേക്ക് നോക്കി .ഇപ്പോള്‍ അവളുടെ തല ആടുകയും കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുകയും ചെയ്യുന്നു .അത് കേട്ട് അമ്മ കീഴ്ചുണ്ട് കടിക്കുകയും താടിക്ക് കൈ വെച്ച് അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു .

ഈശ്വരാ എന്തൊക്കെ കേക്കണം കലികാല വൈഭവം . അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി . പിന്നെ അമ്മിണിയുടെ ചൂല്‍ മുറ്റത്ത്‌ ചലിക്കുന്ന ശബ്ദം കേട്ടു. അയാള്‍ മച്ചിലേക്ക് നോക്കി പിന്നെയും കിടന്നു .
"ഉണ്ണ്യേ നീ എണീക്ക്ണ് ല്ലേ, നേരം ശ്ശ്യാ യി" .അമ്മ വിളിച്ചു പറഞ്ഞു .
പല്ല് തേച്ച് പ്രാതല്‍ കഴിക്കുമ്പോള്‍ അമ്മ അയാളോട് പറഞ്ഞു , "നീയറിഞ്ഞോ ആ വെളിച്ചപ്പാടിന്റെ മകള്‍ ഇന്നലെ രാത്രി ആ തമിളന്റെ കൂടെ ഒളിച്ചോടി പോയത്രേ . ചങ്കരന്റെ കഷ്ട കാലം , പറെയുമ്പോ ഭഗവതീടെ കാവിലെ വെളിച്ചപ്പാടാണ് , കഷ്ട്ടകാലം തീര്‍ന്ന നേരം ല്ല".
ചങ്കരന്‍ ആ നാട്ടിലെ മന്ത്രവാദിയും കാവിലെ വെളിച്ചപ്പാടുമാണ് . നീണ്ട മുടിയും താടിയും ഉള്ള ഒരു വെളുത്ത നിറമുള്ളയാളാണ് ചങ്കരന്‍. അയാള്‍ക്ക്‌ വശീകരണ ശക്തിയുള്ള കണ്ണുകള്‍ ഉണ്ടായിരുന്നു .തുളളുന്നതിന്റെ മുന്‍പ് അയാള്‍ ചാരായം കുടിച്ചിരുന്നു , ആ സമയത്ത് അയാളെ കാണുന്നത് നമ്മെ ഭയപ്പെടുത്തും , ആ കണ്ണുകള്‍ അനന്തതയിലേക്ക് നോക്കി ങ്ങ് ഹും ങ്ങ് ഹും എന്ന് കിതയ്ക്കും .
 
ഗ്രാമത്തില്‍ നിന്ന് മാത്രമല്ല അന്യ നാട്ടില്‍ നിന്നും ആളുകള്‍ തങ്ങളുടെ പ്രശ്ന പരിഹാരത്തിന് ചങ്കരന്റെ വീട്ടില്‍ വന്നിരുന്നു . പ്രേത ബാധയകറ്റാനും , തങ്ങളുടെ നഷ്ട്ടപ്പെട്ട സ്വര്‍ണ്ണ മാല ആര് കട്ട് കൊണ്ട് പോയി എന്നറിയാനും , അന്യ സ്ത്രീകളുടെ വലയില്‍ നിന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാരെ മോചിപ്പിക്കാനും , തങ്ങളുടെ കുട്ടികള്‍ക്ക് അടിക്കടിയുണ്ടാവുന്ന അസുഖങ്ങള്‍ ആര് കൂടോത്രം ചെയ്തിട്ടാണ് എന്നറിയാനും അങ്ങനെ ഒട്ടേറെ പ്രശ്നങ്ങളുടെ നിവര്ത്തിക്കാണ് ആളുകള്‍ ചങ്കരന്റെയടുത്തു പോയിരുന്നത് .

പാടത്തിനക്കരെയാണ് ചങ്കരന്റെ വീട് . പാടം കടന്ന് ചെന്നാല്‍ കാണുന്ന ചെറിയ തോട് അതിനപ്പുറമാണ് ആ വീട് . എപ്പോഴും തണല്‍ വീണു കിടക്കുന്ന ഒരു മരക്കാവിനുള്ളിലാണ് ആ വീട്. മുറ്റത്തിന് ചുറ്റും ചെമ്പരത്തി പൂവുകളും തുളസിയും ഉണ്ടായിരുന്നു .മുറ്റത്ത്‌ മെഴുകിയ ചാണകത്തിന്റെ മണം അവിടെ എപ്പോഴും ഉണ്ടാവും . ചന്ദനത്തിന്റെയും കര്പ്പൂരത്തിന്റെയും പൂജാ വസ്തുക്കളുടെയും മണവും ആ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കും . ആ തൊടിയുടെ വടക്കേ ഭാഗത്തുള്ള ഒരു പ്ലാവിന്റെ ചുവട്ടില്‍ കറുത്ത നിറത്തില്‍ ഒരു കല്പ്രതിമയുണ്ട് . അതാണയാളുടെ ആരാധനാ മൂര്‍ത്തി .‍ അതിന്റെ മുന്നില്‍ എപ്പോഴും ചിരട്ടയില്‍ നിറച്ച് വെച്ച കള്ളുണ്ടാവും . മഞ്ഞളിന്റെയും അരിയുടെയും പൊടി അവിടെ വിതറിയിട്ടുണ്ടാവും .ഒരു കല്‍വിളക്കും അതില്‍ കരിയുടെ പാടുകളും. കത്തിത്തീര്‍ന്ന തിരിയുടെ അവശിഷ്ട്ടങ്ങളും ‍. ഉഗ്ര വിഷമുള്ള സര്‍പ്പങ്ങള്‍ ആ മാളങ്ങളില്‍‍ ഉണ്ടത്രേ .
തമിഴന്റെ കൂടെ ഒളിച്ചോടിപ്പോയ ചന്ദ്രിക നല്ല സുന്ദരിയായിരുന്നു . അവള്‍ കോളേജില്‍ പോയി വരുമ്പോള്‍ ബസ്സിറങ്ങുന്ന കവലയില്‍ ചെറുപ്പക്കാര്‍ അവളുടെ ശ്രദ്ധയാകര്ഷിക്കാന്‍ ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ അഴിച്ചിടുകയും സിഗരറ്റ് വലിക്കുകയും ഉച്ചത്തില്‍ പാട്ട് പാടുകയും ചെയ്തിരുന്നു. അവളുടെ ഒരു ചിരി കിട്ടിയാല്‍ ലോട്ടറിയടിച്ച സന്തോഷമായിരുന്നു ചെറുപ്പക്കാര്‍ക്ക്. ആ സുന്ദരി എങ്ങനെ കറുത്ത് തടിച്ച് ചുവന്ന കണ്ണുള്ള ഒരു അണ്ണാച്ചി യെ ഇഷ്ട്ടപ്പെട്ടു ? പ്രേമത്തിന് കണ്ണില്ല എന്നതെത്ര ശരി.
രണ്ടു കൊല്ലം മുന്‍പാണ് ചങ്കരന്റെ മൂത്ത മകന്‍ രഘു ആത്മഹത്യ ചെയ്തത് .കാരണം എന്താണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു . ചങ്കരന്‍ മണ്കുടത്തില്‍ കുഴിച്ചിട്ടിരിക്കുന്ന പൈസ കട്ടെടുത്തതിന് ചങ്കരന്‍ അവനെ കുറെ അടിച്ചെന്നും , അതല്ല അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടി വേറെ കല്ല്യാണം കഴിച്ചു പോയതിലുള്ള സങ്കടം കൊണ്ടാണെന്നും അങ്ങാടിയില്‍ സംസാരം ഉണ്ടായിരുന്നു.
ഇപ്പോള്‍ മകളുടെ ഈ ഒളിച്ചോട്ടം നാട്ടില്‍ ആകെ പാട്ടായിക്കഴിഞ്ഞു . കവലയിലെ ചായക്കടയില്‍ ആളുകള്‍ ചര്‍ച്ച ചെയ്തു . അയാളുടെ മന്ത്രവാദത്തില്‍ വിശ്വാസമില്ലാത്തവര്‍ കളിയാക്കി . അവര്‍ പറഞ്ഞു "അന്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നയാള്‍ സ്വന്തം മകള്‍ എവിടെയുണ്ടെന്ന് മഷിയിട്ടു നോക്കട്ടെ" .
ചങ്കരന്‍ പിന്നീട് മന്ത്രവാദം നിര്‍ത്തി. അയാളുടെയടുത്തു സഹായത്തിനു ചെല്ലുന്നവരെ അയാള്‍ മടക്കിയയച്ചു .ക്രമേണ ആ മുറ്റവും വീടും ശൂന്യമായി .
 
കാലം അവിരാമം യാത്ര തുടര്‍ന്നു . ഒരു അര്‍ദ്ധ രാത്രിയില്‍ അയാള്‍ ചര്ദ്ധിച്ചു , പിന്നെ ചര്ദ്ധിച്ചത് ചോരയായിരുന്നു . ഒരു ചോരക്കളം അയാളുടെ മുന്‍പില്‍ ഉണ്ടായി , നാട്ടുകാര്‍ അയാളെ ആശുപത്രിയില്‍ കൊണ്ട് പോയി . പിന്നീടും അയാള്‍ രക്തം ചര്ദ്ധിച്ചു , അതില്‍ ചെറിയ ചെറിയ മാംസക്കഷ്ണങ്ങളും ഉണ്ടായിരുന്നു . ഡോക്കറ്റര്മാര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല അയാളുടെ യഥാര്‍ത്ഥ രോഗം . അവസാനം അയാള്‍ മരണത്തിനു കീഴടങ്ങി.
അയാളുടെ മൃതദേഹം തൊടിയുടെ തെക്കേ ഭാഗത്ത്‌ അടക്കം ചെയ്തു . വടക്കേ ഭാഗത്തെ പ്ലാവിന്‍ ചുവട്ടിലെ മൂര്‍ത്തി ആരെയോ കാത്തു നിന്നു , പാമ്പുകള്‍ മാളത്തിനു പുറത്തേക്കു തല നീട്ടി നോക്കി. അപ്പോള്‍ തെക്ക് നിന്ന് ഒരു കാറ്റ് വീശി അത് കുഴിമാടത്തെയും ,മൂര്ത്തിയെയും കടന്ന് പോയി....

നവംബർ 20, 2012

ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം

മെറ്റല്‍ പറിഞ്ഞു പോയ കുണ്ടും കുഴികളും ഉള്ള ഒരു റോഡ്‌ , അതിലൂടെ ആകെ നാലോ അഞ്ചോ ബസ്സുകള്‍. 2 എണ്ണം പാലക്കാട് നിന്നും ഒന്ന് പട്ടാമ്പിയില്‍ നിന്നും മറ്റൊന്ന് കോഴിക്കോട്ടു നിന്നും. ഒന്ന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ ചുറ്റുവട്ടത് നിന്നുള്ളവര്‍ കോട്ടപ്പള്ളയില്‍ വരും, ബസ്സ്‌ കയറാന്‍.
റോഡരികിലെ ആ കെട്ടിടത്തിന്റെ പടിഞ്ഞാറേ തലയ്ക്കല്‍ കുഞ്ഞാണി കാക്കാന്റെ തുണി പീടിക, ഒന്ന് രണ്ടു തുന്നല്‍ക്കാര്‍ മെഷീനില്‍ തൈച്ച് ക്കൊണ്ടിരിക്കുന്നു. കടയ്ക്കുള്ളില്‍ ഷെല്‍ഫില്‍ വിവിധ നിറങ്ങളില്‍ ഉള്ള തുണിത്തരങ്ങള്‍ മടക്കി വെച്ചിരിക്കുന്നു.
അതിനപ്പുറത്ത് പോസ്റ്റ്‌ ഓഫീസ് .പുറത്തൊരു ചുവന്ന കത്ത് പെട്ടി. ഉള്ളില്‍ ഒരു മേശയും അതിന്മേല്‍ കുറച്ച് കടലാസ്സുകളും സീലുകളും. കാക്കി നിറമുള്ള മെയില്‍ ബാഗ് പിന്നില്‍ ഉണ്ട്. മെയില്‍ വന്നാല്‍ പിന്നെ കത്തില്‍ സീല്‍ അടിക്കുന്നതിന്റെ ടാക് ടാക് ശബ്ദം.
അതിനപ്പുറത്ത് തട്ടാന്‍ പൊന്നുവും സഹോദരന്മാരും , തറയില്‍ ഇരുന്ന്‌ മുന്നിലുള്ള പത്രത്തിലെ ഉമിതീയില്‍ ഊതി കാച്ചുന്ന പൊന്ന്. അതെടുത്തു ചെറിയ ചുറ്റിക കൊണ്ട് അടിച്ചു പരത്തി , വളയും മാലയും മോതിരങ്ങളും ഉണ്ടാക്കുന്ന പൊന്നുവും സഹോദരരും. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അവര്‍ക്ക്.
അതിനപ്പുറം ഒസ്സാന്‍ യൂസുഫ് കാക്കാന്റെ ബാര്‍ബര്‍ ഷോപ്പ് ,അവിടെ രാജേഷ്‌ഖന്നയുടെയും അമിതാബ് ബച്ചന്റെയും ഹിപ്പി മുടിയുള്ള ഫോട്ടോകള്‍.
പിന്നിലെ ബെഞ്ചില്‍ പത്രങ്ങളും സിനിമ വാരികകളും. സ്ഥലത്തെ അന്നത്തെ യുവാക്കള്‍ ഇടയ്ക്ക് അവിടെ കയറി വന്നു
യൂസുഫ് കാക്കനോട് കുശലം പറയുകയും, തങ്ങളുടെ മുടി ചീകുകയും , മുഖത്ത് പൌഡര്‍ ഇടുകയും ചെയ്യുന്നു. കൌമാരക്കാര്‍ സിനിമ വാരികയിലെ സുന്ദരികളുടെ ചിത്രം ആസ്വദിക്കുന്നു.
അപ്പുറത്ത് അബൂബക്കെര്‍
കാക്കാന്റെ സൈക്കിള്‍ ഷോപ്പ് . mud ഗാര്‍ഡും ചെയിന്‍ കവറും , pedalum ഇല്ലാത്ത സൈക്കിളുകള്‍, ആണ്‍കുട്ടികള്‍ക്ക് കയ്യില്‍ കാശ് ഉണ്ടായാല്‍ ആകെയുള്ളൊരു ലക്‌ഷ്യം സൈക്കിള്‍ എടുക്കുകയാണ്. അര മണിക്കൂര്‍ പതിനഞ്ചു പൈസ ഒരു മണിക്കൂര്‍ ഇരു പതഞ്ചു പൈസ. ഇപ്പോഴത്തെ ഗ്രൌണ്ട് ന്റെ വടക്ക് ഭാഗത്താണ് സൈകില്‍ പ്രക്ടീസിംഗ്.
ഏറ്റവും ഒടുവില്‍ സെന്റ്‌ മൌലവിയുടെ പെട്ടിക്കടയും. അവിടെ മിട്ടായിയും മോരും വെള്ളവും ഒക്കെ കിട്ടും. പിന്നെ ഒരു ചില്ല് പെട്ടിയില്‍ സെന്റും. ഇഷ്ടപ്പെട്ടവര്‍ക്ക് മൗലവി ഒരു പഞ്ഞിയില്‍ ഇത്തിരി അത്തര്‍ മുക്കി ഷര്‍ട്ടില്‍ തേച്ചു തരും.
സൈതലവി ഹാജിയുടെ കെട്ടിടത്തില്‍ കര്‍ണാടകത്തില്‍ നിന്ന് വന്ന ഒരു തുണി കച്ചവടക്കാരന്‍ ഉണ്ടായിരുന്നു അയാള്‍ക്ക്‌ കയ്യിന്മേല്‍ 6 വിരലുകള്‍ ഉണ്ടായിരുന്നു . അതിനപ്പുറത്ത് സൈദാലി കാക്കാന്റെ തുന്നല്‍ കട. മുന്‍പില്‍ സൈതലവിയുടെ ഹോട്ടല്‍. അവിടെ നിന്ന് മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ഒഴുകി വരുന്നു. ഓ ദുനിയാ കേ.... രഖ് വാലേ....
പാട്ടിന്റെ താളത്തിന് ഭംഗം വരുത്തി പൊട്ടന്റെ ത ...ത .. ത എന്ന ശബ്ദം. അയാള് അവിടുത്തെ പ്രധാന വെള്ളം കോരല്‍ കാരന്‍ ആയിരുന്നു.
പത്തു മണിയോടെ മാത്രമേ അങ്ങാടി സജീവമാവൂ. വെള്ളിയാഴ്ച ചന്ത ദിവസം കുറേ ആളുകള്‍ കൂടും. അലനല്ലൂരില്‍ നിന്നും പച്ചക്കറിക്കാരും മീന്‍ കച്ചവടക്കാരും, കുട നന്നാക്കല്‍, ചെരുപ്പുകുത്തികള്‍ ഒക്കെ വരും. പച്ചക്കറിക്കാരന്‍ ഹംസാക്ക, ഉണക്ക മീന്‍ കൊണ്ട് മമ്മത് കാക്ക , ചക്ളിയന്‍ രാജന്‍ എന്നിവരൊക്കെ അതിന്റെ ഭാഗമാവും. ഇടയ്ക്ക് വേങ്ങൂര്‍ നിന്നും വരുന്ന ഒറ്റക്കള്ളന്‍ കാക്കയും വരും. വെളുത്ത പോളിസ്റെര്‍ ഷര്‍ട്ടും പാന്റും ഒക്കെ ഇട്ടു തലയില്‍ ഒരു തൊപ്പിയും വെച്ചു ഉറക്കെ സംസാരിക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഞങ്ങള്‍ "മക്കവും മദീനവും" എന്ന് വിളിച്ചിരുന്ന 3 ഡി വ്യൂവറും ഉണ്ടാവും. അതിന്റെ രംഗങ്ങള്‍ അദ്ദേഹം വിവരിക്കും , ഇപ്പൊ ഇങ്ങള്‍ കാണുന്നത് ഹജറുല്‍ അസ്വ ദ്. ഇതാണ് സഫാ മര്‍വ നടത്തം. ....എന്നിങ്ങനെ .
വൈകുന്നേരത്തോടെ പണിയും കഴിഞ്ഞു അന്തി കള്ളും അകത്താക്കി പാട്ട് പാടുകയും കോപ്രായങ്ങള്‍ കാറുകയും ചെയ്യുന്ന ചെറുമക്കള്‍.
അത് കണ്ടു ചിരിക്കുന്ന ആളുകള്‍. വല്ലപ്പോഴും ഒരു കാര്‍ വന്നാല്‍ കുട്ടികള്‍ അതിനെ പൊതിയും, തൊട്ടു തലോടി നില്‍ക്കും. ചിലപ്പോള്‍ കാറിന്റെ ഉടമസ്ഥര്‍ 'മാറിം കുട്ട്യേളെ ' എന്ന് ചീത്ത പറയും. പിന്നെ ആ കാര്‍ ഓടിപ്പോകുന്നതു കൌതുകത്തോടെ നോക്കി നില്‍ക്കും. (1977 നു മുന്‍പത്തെ കൊട്ടപ്പള്ളയുടെ ഒരു നേര്ചിത്രമാണ് മുകളില്‍ വിവരിച്ചത് )

നവംബർ 16, 2012

ഹെയര്‍ഡൈ

"എടാ രവീ,  എന്ത് രസമാടാ നിന്റെ മുടി ! എന്തൊരു ഇടതൂര്‍ന്ന കറുത്ത മുടി ! വെറുതെയല്ല  ഫസ്റ്റ് ഇയറിലെ വെളുത്ത ആ കണ്ണടക്കാരി ബസ്സില്‍ നിന്ന് പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്നത് . എനിക്കൊന്നും മനസ്സിലാവില്ലാന്ന് കരുത്യോ നീയ് ? അതിന് നിന്റെയീ അണ്‍ റൊമാന്റിക് ആയ ഭാവം കണ്ടാല്‍ ഏതെങ്കിലും പെണ്ണ് നിന്നോട് സംസാരിക്ക്വോ ?ഏതു നേരവും അനന്തതയിലേക്ക് നോക്കിയിരുന്നു ചിന്താലോകത്തു വ്യവഹരിക്കുന്ന ബുദ്ധി ജീവി വര്‍ഗ്ഗമാണല്ലോ നീയൊക്കെ."
ബഷീര്‍ പറയുന്നതിലും കാര്യമുണ്ട് , താന്‍ അവനോടല്ലാതെ അധികമാരോടും ഇടപഴകാത്ത പ്രകൃതമാണ് .വീട്ടില്‍ ചെന്നാല്‍ അമ്മയെന്തെങ്കിലും ചോദിച്ചാല്‍ മൂളലില്‍ ഒതുക്കുന്ന ഉത്തരങ്ങള്‍ .അച്ഛന്‍ വെള്ളിയാഴ്ച വരുമ്പോള്‍ പഠനത്തെ കുറിച്ച് ചോദിക്കുമ്പോഴും അങ്ങനെതന്നെ. അച്ഛന്‍ വന്നു മുറിയാകെ ഒന്ന് നോക്കി ഒന്ന് മൂളുക മാത്രം ചെയ്യും.
ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ അടുത്ത് വന്നു ചോദിച്ചു 
 നീയ്ന്താ രവ്യേ നെന്റെ മുടീം താടീം വെട്ടാണ്ടെ നടക്ക് ണൂ , കണ്ടിട്ട് ഭ്രാന്തന്മാര്യെന്തിണ്ട്.
"വെട്ടണം"   അത് പറഞ്ഞയാള്‍ കൈ കഴുകന്‍ എണീറ്റു . മുറിയില്‍ പോയി കണ്ണാടിയില്‍ നോക്കി , അമ്മ പറയുന്നതില്‍ കാര്യമുണ്ട് . നാളെത്തന്നെ വെട്ടണം. അയാള്‍ മനസ്സില്‍ കരുതി.
പിറ്റേന്ന് ബാര്‍ബര്‍ രാമകൃഷ്ണന്റെ കടയില്‍ ചെന്നപ്പോള്‍ കസേര ഒഴിവില്ല . കയറേണ്ടിയിരുന്നില്ല , ഇനി മുടിവെട്ടിക്കൊണ്ടിരിക്കുന്നയാള്‍ ‍ എണീ ക്കണം .അയാള്‍ സിനിമ  വാരിക എടുത്തു പേജുകള്‍ മറിച്ചു നോക്കി. അപ്പുറത്ത് സ്കൂള്‍ കുട്ടികള്‍ ക്രൈം വാരിക വായിച്ചു കൊണ്ടിരിക്കുന്നു .
"കുട്ട്യേളെ , അത് വായിച്ചു കഴിഞ്ഞൂച്ചാ ‍  ആ കണ്ണാടീടെ പിന്നില്‍ വെക്കണം ട്ടോ " - രാമകൃഷ്ണന്‍ കുട്ടികളോട് പറഞ്ഞു .
രാമകൃഷ്ണന്‍ കസേരയിലുള്ള ഇരയെ "വധിച്ചു" കൊണ്ടേ ഇരിക്കുകയാണ് , അയാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ ഒട്ടിയ  കവിളുകള്‍  കൂടുതല്‍ ഒട്ടുന്ന പോലെ . അയാളുടെ  കുരുവിക്കൂട് സ്റ്റൈല്‍ മുടി ഒരു സ്പ്രിംഗ് പോലെ ആടുന്നുണ്ട്. ആണവക്കരാറും അമേരിക്കയുടെ സാമ്രാജ്യത്വവു മാണ് ഇന്നത്തെ രാമകൃഷ്ണന്റെ വിഷയം. കസേരിലെ ആള്‍ മൂളുന്നുണ്ട്.
രവിയുടെ മുടി വെട്ടുമ്പോള്‍ രാമകൃഷ്ണന്‍ ചിരി ച്ച്  കൊണ്ട് പറഞ്ഞു " കുട്ടീടെ മുടി വെട്ട്യാ അഞ്ചു റു പ്പ്യ ഏറെ തരണം , ന്റെ കത്രി ഓടില്ല , അത്ര എടതൂര്‍ ന്നതല്ലേ . രവി ചിരിച്ചു .
"അല്ല കുട്ട്യേ ഈ ആഴ്ച അച്ഛന്‍ വന്നില്ലേ ? വന്നാല്‍ എന്റടുത്തു വന്നു ഷേവ് ചെയ്യലുണ്ട് , ഈയാഴ്ച കണ്ടില്ല . അടുത്തേക്കെങ്ങോട്ടെങ്കിലും ട്രാന്‍സ്ഫര്‍ കിട്ടില്ലേ ? .
രവി അതിനുത്തരം ഒന്നും പറഞ്ഞില്ല.
"എന്താ മന്ഷ്യാ  നിങ്ങള്‍ കണ്ണാടീടെ മുന്‍പില്‍ നിന്ന് സ്വപ്നം കാണ്.. ണേ" . ഭാര്യയുടെ വിളി അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി . അയാള്‍ കണ്ണാടിയില്‍ നോക്കി .മുക്കാല്‍ ഭാഗം കഷണ്ടി കയറിയ തന്റെ തല, ബാക്കിയുള്ള മുടി മിക്കവാറും നരച്ചിരിക്കുന്നു . അയാള്‍ ഹെയര്‍ ഡൈ യും ബ്രഷും കയ്യിലെടുത്തു . യൌവ്വനം മാത്രം ആവശ്യപ്പെടുന്ന ഈ മത്സരത്തിന്റെ ലോകത്ത് നരച്ച തലകള്‍ക്ക് സ്ഥാനമില്ല .

അസ്തമയം

"നമ്മക്കിന്ന് എടമലേ കേറി അസ്തമയം കാണാ ..ച്ചാ" - അരുണും അശ്വതിയും അത് പറഞ്ഞപ്പോള് അയാള്‍ക്ക്‌ ‍ നിരസിക്കാന്‍ കഴിഞ്ഞില്ല. ഇനി അടുത്തൊന്നും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയില്ല .ഒരു മാസത്തെ അവധി ഇന്ന് രാത്രി കൊണ്ട് തീരുകയാണ്. ഈ അവധിക്കു വരുമ്പോള്‍ മലമ്പുഴയില് കൊണ്ട് പോകാം എന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു . ഓരോ തിരക്ക് കാരണം ഒന്നും നടന്നില്ല .‍ നാളെ ഈ നേരം മണല്‍ നാട്ടിലെ ആ മഹാ നഗരത്തിലാവും താന്‍. . ഇതും കൂടി സാധിപ്പിച്ചു കൊടുത്തില്ലെങ്കില്‍ അവിടെ ചെന്നാല്‍ അതിന്റെ കുറ്റബോധവും ഉണ്ടാവും.അങ്ങനെയാണ് അയാളും ഭാര്യയും രണ്ടു കുട്ടികളും കൂടി എടമലയില്‍ കയറുന്നത്
 
അസ്തമയത്തിന് കുറച്ചു കൂടി സമയമുണ്ട് . പടിഞ്ഞാറേ ചക്രവാളം കുങ്കുമ വര്‍ണം പൂശിയിരിക്കുന്നു. താഴെ നെല്‍പ്പാടങ്ങള്‍ ഭൂപടത്തിലെ അതിരുകള്‍ പോലെ കാണപ്പെട്ടു. അമ്പലപ്പറമ്പില്‍ മേയുന്ന പശുക്കള്‍, അതിനപ്പുറത്ത് പുളിയം തോട് വളഞ്ഞു പുളഞ്ഞൊഴുകുന്നു.കുട്ടികള്‍ അവുലിയ പാപ്പന്റെ കിണറിനപ്പുറം ഒരു പൂമ്പാറ്റയെ പിടിക്കാന്‍ ശ്രമിച്ചു. അയാളും ഭാര്യയും അവിടെയിരുന്നു. മേലാറ്റൂര്‍ ഓട്ടു കമ്പനിയുടെ പുകക്കുഴല്‍ അങ്ങ് ദൂരെക്കാണാം. അവിടേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ ഭാര്യയോടു പറഞ്ഞു :
 
"സന്ധ്യേ , ആ പുകക്കുഴലും കഴിഞ്ഞു കുറെ പോയാല്‍ കോഴിക്കോട് എയര്‍ പോര്‍ട്ട്‌ ആയി ,  അവിടുന്ന് നേരെ.............."
 
"ഉണ്ണ്യേട്ടാ , ഒരു വീടെങ്കിലും ആയിരുന്നെങ്കില്‍ പോണ്ടാന്ന്‍ ചാല്‍ മത്യായിരുന്നു  , ഇനി രണ്ട് കൊല്ലമെങ്കിലും കഴ്യാതെ ഒന്ന് കാണാന്‍ കഴില്ല്യല്ലോ  " വിഷമത്തോടെ സന്ധ്യ പറഞ്ഞു 
 
അയാള്‍ അവളുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കി , അവളുടെ കവിളിലൂടെ കണ്ണീര്‍ ചാലിട്ടിരിക്കുന്നു , അസ്തമയ സൂര്യന്റെ രശ്മികള്‍ അതില്‍ തട്ടി സ്വര്‍ണ നിറം ആയിരിക്കുന്നു .അയാള്‍ അവളെ ആശ്വസിപ്പിച്ചില്ല, കരയട്ടെ കുറെ കരഞ്ഞ് സങ്കടം തീരട്ടെ , അയാള്‍ മനസ്സില്‍ കരുതി . അവളുടെ സ്വര്‍ണ നിറമുള്ള കണ്ണീര്‍ അവുലിയ പാപ്പാന്റെ കിണറ്റിനു മുകളിലുള്ള ഒരു കല്ലില്‍ വീണു , അപ്പോള്‍ അതിനുള്ളില്‍ നിന്നും ഒരു പാട് തേങ്ങലുകള്‍ കേള്‍ക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു , ഭൂമിയില്‍ ഇരുട്ട് മൂടി , ആ ഇരുട്ട് അവരെയും വിഴുങ്ങി, ഉള്ളില്  ഒരു പാട് ഇരുട്ടും ഒരു കടല്‍ നിറയെ കണ്ണീരുമായി അവര്‍ മലയിറങ്ങി .