വായനക്കാര്‍

ഫെബ്രുവരി 19, 2013

കുന്തിപ്പുഴയോരം മുതല്‍ ജുമൈറ ബീച്ച് വരെ


അന്നത്തെ ജോലി കഴിഞ്ഞ് ഹരി വീട്ടിലെത്തിയപ്പോള്‍ പതിവിനു വിപരീതമായി നല്ല ഉത്സാഹത്തിലായിരുന്നു . ഭര്‍ത്താവിന്റെ മുഖത്തെ സന്തോഷം കണ്ടു സ്മിത ചോദിച്ചു

"എന്തേ ഇന്ന് പതിവില്ലാത്തൊരു സന്തോഷം , ഇന്ന് അറബി മാനേജരുടെ ചീത്ത കിട്ടിയില്ല അല്ലേ ?"

ഹേയ് ,അതൊന്ന്വൊല്ല,ഞങ്ങളുടെ ഓഫീസിലേക്ക് സൌദിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി ഒരു മലയാളി വന്നിരിക്ക്‌ണൂ, ഈ അറബികളുടെ മാത്രം ഇടയില്‍ പെട്ട് ശ്വാസം മുട്ടുകയായിരുന്നു ഇത്രേം നാള്‍ , ഇനിപ്പോ എന്തെങ്കിലും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാമല്ലോ .ങ്ഹാ സ്മിതേ അയാള്‍ നീ പഠിച്ച കോളേജില്‍ പഠിച്ചയാളാണ്, ഒരു വര്ഷം ചെയര്‍മാന്‍ ആയിരുന്നത്രെ , വിപ്ലവ പാര്‍ട്ടി തന്നെ , പേര് വിജയ്‌ ശങ്കര്‍ , കൂടെ കുടുംബവും ഉണ്ട്. ഞാന്‍ അടുത്ത വെള്ളിയാഴ്ച അവരെ ലഞ്ചിന് വിളിച്ചിട്ടുണ്ട് , അദ്ദേഹത്തിന്റെ ഭാര്യ നിനക്ക് നല്ലൊരു സുഹൃത്തുമാവും ."

സ്മിതയുടെ ഉള്ളില്‍ ഇടിമിന്നി , വിജയ്‌ ശങ്കര്‍ ... ഈശ്വരാ ... അയാളും കുടുംബവും ഒരിക്കലും വരരുതേ ... അവള്‍ അടുക്കളയിലേക്ക് പോയി . ഹരി ടി വി യില്‍ വാര്‍ത്ത കാണാന്‍ തുടങ്ങി .

സ്മിതയുടെ ചിന്തകള്‍ പിന്നിലേക്ക്‌ പോയി . കോളേജ് , പുതു വര്ഷം, പുതിയ മുഖങ്ങള്‍ ,സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം , വിദ്യാര്‍ഥി രാഷ്ട്രീയം , പ്രകടനങ്ങള്‍ , ഇലക്ഷന്‍ , മുദ്രാവാക്യം വിളിച്ചു പോവുന്ന ആ താടിക്കാരന്‍, പിന്നെടെപ്പോഴോ പരസ്പ്പരം അടുത്തു .മാന്യന്‍ ആയിരുന്നു വിജയ്‌ ശങ്കര്‍ . കോളേജ് കഴിഞ്ഞ് പിരിയുന്ന നേരം കുന്തിപ്പുഴ യോരത്തെ കോളേജിന്റെ തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ ഒടുങ്ങിയ അനേകം പ്രണയങ്ങളില്‍ ഒന്നായി അതും. ജീവിതത്തില്‍ ഒരിക്കലും ഇനി കാണില്ല എന്ന് കരുതിയതാണ്. അന്ന് കോളേജ് പിരിയുമ്പോള്‍ എന്തൊരു പ്രയാസമായിരുന്നു. മരിച്ചെങ്കില്‍ എന്ന് വരെ അന്ന് താന്‍ ആലോചിച്ചിരുന്നു.പക്ഷെ , ഇന്ന് താന്‍ ഉത്തരവാദിത്വപ്പെട്ട ഒരു വീട്ടമ്മയാണ് . 10 വയസ്സുള്ള മോളും 7 വയസ്സുള്ള മോനും, സ്നേഹ സമ്പന്നനായ ഒരു ഭര്‍ത്താവും ഉള്ള സന്തുഷ്ട്ടയായ വീട്ടമ്മയാണ് .

ഈശ്വരാ ,...... വിജയ്‌ ശങ്കറും കുടുംബവും വരാതിരുന്നെങ്കില്‍ . താന്‍ എന്ത് ചെയ്യും , ഹരിയേട്ടന്‍ എന്തെങ്കിലും അറിയുമോ ?. അവള്ക്ക് ‍ ഉമിത്തീയില്‍ വേവുന്ന പോലെ തോന്നി .

വെള്ളിയാഴ്ച 11 മണിയോടെതന്നെ അതിഥികള്‍ വന്നു . വിജയ്‌ ശങ്കര്‍ അല്പം തടിച്ചിട്ടുണ്ട് , പാതി കഷണ്ടി കയറിയിരിക്കുന്നു , ഭാര്യ സുന്ദരിയും , മാന്യയും ആണെന്ന് തോന്നി .

"ഇതാണ് ഞാന്‍ പറഞ്ഞ വിജയശങ്കറും ഭാര്യ ഉഷയും മകന്‍ വിഷ്ണുവും" - ഹരി ഭാര്യയ്ക്ക് പരിചയപ്പെടുത്തി .

"വിജയ്‌ , സ്മിതയും നിങ്ങള്‍ പഠിച്ച കോളേജില്‍ തന്ന്യാ പഠിച്ചത്"- ഹരി പറഞ്ഞു .

വിജയ്‌ ശങ്കര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ കണ്ടിട്ടുണ്ട് , രാഷ്ട്രീയക്കാരല്ലേ , ഇലക്ഷന്റെ ഭാഗമായി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് ക്ലാസില്‍ ഒക്കെ പോകുമ്പോള്‍ കണ്ടിട്ടുണ്ട്, പിന്നെ സ്മിത ആര്‍ട്സ് ഡേയ്ക്ക് പാടുമായിരുന്നില്ലേ ? ".

സ്മിതയ്ക്ക് ആശ്വാസമായി , വിജയശങ്കര്‍ ഒന്നും അറിയുന്ന ഭാവം കാണിക്കുന്നില്ല . അവള്‍ ഉഷയോട് കുശലാന്വേഷങ്ങള്‍ ചോദിച്ചു ,അവള്‍ ഉഷയില്‍ നല്ലൊരു സുഹൃത്തിനെ കണ്ടു . ഒരു അനുജത്തി യെ പോലെ അവള്‍ ഉഷയെ ഇഷ്ട്ടപ്പെട്ടു . വിജയ്‌ ശങ്കര്‍ ഭാഗ്യവാന്‍ തന്നെ .

വൈകുന്നേരം അവര്‍ ജുമേര ബീച്ചില്‍ പോയി . വെള്ളിയാഴ്ചയായതിനാല്‍ ബീച്ചില്‍ നിറയെ ആളുകളാണ്. ദൂരെ സൂര്യന്‍ പടിഞ്ഞാറ് ചായാന്‍ തയ്യാറെടുക്കുന്നു . ആളൊഴിഞ്ഞ ഒരിടത്ത് അവരെല്ലാവരും ഇരുന്നു . കടലില്‍ നിന്ന് കാറ്റ് അടിക്കുന്നുണ്ട് . കുട്ടികള്‍ മൂന്ന് പേരും കുറച്ചപ്പുറത്ത്‌ ഓടിക്കളിക്കാന്‍ തുടങ്ങി . ഹരി ഇടയ്ക്ക് കുട്ടികള്‍ ദൂരേക്ക് ഓടുന്നുണ്ടോ എന്ന് നോക്കുന്നുണ്ട് .ഹരിയേട്ടനും വിജയ്‌ ശങ്കറും ദേശീയവും അന്തര്‍ ദേശീയവുമായ കാര്യങ്ങളും, സ്മിതയും ഉഷയും ടി വി യില്‍ വരുന്ന കുക്കറി ഷോകളിലെ റെസിപ്പി യെക്കുറിച്ചും സംസാരിച്ചു . കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് കണ്ട ഹരിയും ഉഷയും കുട്ടികളെ തടയാന്‍ പോയി . അവിടെ വിജയ്‌ ശങ്കറും സ്മിതയും മാത്രമായി . മൌനത്തിന്റെ ഏതാനും നിമിഷങ്ങള്‍ , അത് പൊട്ടിച്ചത് വിജയ്‌ ശങ്കര്‍ ആണ് . അയാള്‍ പറഞ്ഞു ;

"സ്മിതേ , നമ്മള്‍ അന്ന് കോളേജില്‍ വെച്ച് പിരിഞ്ഞിട്ട് ഇന്നാണ് കാണുന്നത് , ഇപ്പോള്‍ ആ കാലം ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നുന്നു , പക്വതയില്ലാത്ത മനസ്സുകളുടെ ചാപല്യങ്ങള്‍ . ഒരു കല്ല്യാണം ഒക്കെ കഴിച്ചു ഗൃഹസ്ഥര്‍ ‍ ആയപ്പോഴാണ് യഥാര്‍ത്ഥ സ്നേഹം നമ്മള്‍ അറിയുന്നത് . എന്റെ ഉഷയെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് , അവളും മോനും ആണ്‍ എന്റെ സ്വര്‍ഗ്ഗം , നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്ന അടുപ്പം ഹരിയോ ഉഷയോ ഒരിക്കലും അറിയാന്‍ പാടില്ല ."

"ഹരിയേട്ടന്‍ ന്ന് വെച്ചാല്‍ എന്റെ ജീവനാണ് , അദ്ദേഹമാണെ ന്റെ ദൈവം , ഹര്യേട്ടന് ല്ലാതെ എനിക്ക് ജീവിക്കാന്‍ കഴീല്ല്യ , ഈ രഹസ്യം നമ്മളില്‍ തന്നെ ഒതുങ്ങണം വിജയ്‌. നിങ്ങള്‍ പറഞ്ഞതാണ് ശരി എല്ലാം പക്വതയില്ലാത്ത കാലത്തെ ചാപല്യങ്ങള്"‍ . സ്മിത പറഞ്ഞവസാനിപ്പിച്ചു .

അപ്പോഴേക്കും ഹരിയും ഉഷയും കുട്ടികളെയും കൂട്ടി അവര്‍ ഇരിക്കുന്നിടത്തേക്ക്‌ വന്നു . അവര്‍ എണീറ്റു . സൂര്യന്‍ ഇപ്പോള്‍ കടലില്‍ മറഞ്ഞിരിക്കുന്നു . അസ്തമയ ശോണിമയില്‍ ബര്‌ജ് അല്‍ അറബ് ഹോട്ടല്‍ ഒരു കറുത്ത രൂപമായി കടലില്‍ നില്‍ക്കുന്നു . അവര്‍ കാറിന്റെ അടുത്തേക്ക് പോയപ്പോള്‍ ഒരു മന്ദ മാരുതന്‍ അവരെ തഴുകിപ്പോയി , ആ കാറ്റില്‍ സ്മിതയുടെ മനസ്സിന്റെ ഭാരവും അലിഞ്ഞില്ലാതായി .

ജനുവരി 04, 2013

നഷ്ട പരിഹാരം



അയാളും സുഹൃത്ത് രാജനും കൂടി ഒരു നട്ടുച്ച നേരത്താണ് ആ കവലയില്‍ ബസ്സിറങ്ങിയത്. ആ സമയം കാക്കി യൂണിഫോം അണിഞ്ഞ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്നും റോഡിനിപ്പുറമുള്ള നായര്‍ ഹോട്ടലിലേക്ക് ഊണ് കഴിക്കാന്‍ പോകുന്നതിന്റെ തിരക്കായിരുന്നു . എല്ലാം അപരിചിത മുഖങ്ങള്‍ . ആകെ പരിചയമുള്ളത് ഗെയ്റ്റില്‍ പാറാവ്‌ നില്‍ക്കുന്ന ആണ്ടിയേട്ടനെ , തന്റെ അച്ഛന്റെ സുഹൃത്തായിരുന്നു അയാള്‍. 10 കൊല്ലം മുന്പ് ഈ ഫാക്ടറി നിന്നിരുന്ന സ്ഥലം മുഴുവന്‍ അവിടത്തെ ഇടത്തരക്കാരും പാവപ്പെട്ടവരുമായ ആളുകളുടെ വീടുകളായിരുന്നു . ഒരു ഓണം കഴിഞ്ഞ സമയത്ത് അവിടെ കോട്ടും സൂട്ടും ഇട്ട തൊലി വെളുത്ത കുറെ ആളുകള്‍ വില കൂടിയ കാറുകളില്‍ വന്നിറങ്ങി . അവിടുത്തെ മുഴുവന്‍ ജനങ്ങളെയും വിളിച്ചു കൂട്ടി പറഞ്ഞു :

" നിങ്ങളുടെ ദുരിതങ്ങളും കഷ്ട്ടപ്പാടുകളും ഇതാ തീരാന്‍ പോകുന്നു , പട്ടിണിയില്ലാത്ത ദിനങ്ങളാണ് ഇനി നിങ്ങളുടെ കര്‍ക്കിടക മാസങ്ങള്‍. ഇവിടെ ഞങ്ങള്‍ക്കൊരു ഫാക്റ്ററി കെട്ടാന്‍ ആഗ്രഹമുണ്ട് , അതിന് പകരമായി നിങ്ങളുടെ വീടിനേക്കാള്‍ ഭംഗിയുള്ള വീടുകള്‍ 10 കിലോ മീറ്റര് അപ്പുറത്തുള്ള കുന്നിന്‍ ചെരുവില്‍ കമ്പനി പണിതു തരും . നിങ്ങളില്‍ ഓരോ വീട്ടില്‍ നിന്നും ഓരോ അംഗങ്ങള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കും . ഭാവിയില്‍ നിങ്ങളില്‍ ഉയര്‍ന്ന യോഗ്യത നേടുന്ന കുട്ടികള്‍ക്ക് ഇവിടെ ജോലിക്ക് പ്രത്യേക പരിഗണന ഉണ്ടാവും".

അവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് എല്ലാവരും അവര്‍ തന്ന കടലാസ്സില്‍ ഒപ്പിട്ടു കൊടുത്തു. കമ്പനി പറഞ്ഞ കോളനി വീടുകളില്‍ പുതിയ ജീവിതം തുടങ്ങി. കമ്പനി ചിലര്‍ക്ക് ഫാക്റ്ററിയില്‍ ജോലി നല്‍കി . അധികവും തൂപ്പുകാരും , കാവല്‍ക്കാരും, മാനേജര്‍മാരുടെ വീട്ടിലെ അടുക്കളക്കാരും ആയി. ജോലി കിട്ടാത്തവരുടെ എതിര്‍പ്പുകള്‍ വനരോദനങ്ങളായി അവശേഷിച്ചു . പിന്നീട് പലരും അത് മറന്ന പോലെയായി . ഇപ്പോള്‍ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തില്‍ ഒരു ഒഴിവുണ്ടെന്ന് അറിഞ്ഞു വന്നതാണ് അയാളും സുഹൃത്തും. കമ്പനി, സ്ഥലം കൈക്കലാക്കാന്‍ വാഗ്ദാനങ്ങളുടെ പെരുമഴ നടത്തുമ്പോള്‍ താന്‍ നഗരത്തിലെ ഹരിജന്‍ ഹോസ്റ്റലില്‍ നിന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു . ജീവിതം മുഴുവന്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന അച്ഛന്‍ കഷ്ട്ടപ്പെട്ടാണെങ്കിലും തന്നെ ബിരുദ ധാരിയാക്കണം എന്ന് നിര്‍ബന്ധ മുണ്ടായിരുന്നു . തന്റെ ഗതി മക്കള്‍ക്കുണ്ടാവരുത് എന്നയാള്‍ ആഗ്രഹിച്ചു . അയാളുടെ പഠനം പൂര്ത്തിയാവുന്നതിന്റെ മുന്പ് തന്നെ അച്ഛന്‍ ക്ഷയ രോഗം മൂലം മരിച്ചു.

ഊണ് കഴിക്കാന്‍ പോകുന്ന തൊഴിലാളികളുടെ തിരക്കൊന്ന് കുറഞ്ഞപ്പോള്‍ അവര്‍ ഗെയ്റ്റില്‍ ചെന്നു ആണ്ടിയേട്ടനെ കണ്ടു . ആണ്ടിയേട്ടന്‍ ചിരിച്ചു കൊണ്ടവരെ സ്വീകരിച്ചു . അവര്‍ വന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം അവര്‍ക്ക് ഹ്യൂമന്‍ റിസോഴ്സസ് വിഭാഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു . രാജനോട്‌ പുറത്തു നില്‍ക്കാന്‍ പറഞ്ഞു അയാള്‍ മാനേജരുടെ റൂമിലേക്ക്‌ കടന്നു . മനോഹരമായി ഇന്റീരിയല്‌ ഡക്കറേഷന്‍ ഡിസൈന്‍ ചെയ്ത ഒരു എ സി മുറി. കറങ്ങുന്ന കസേരയില്‍ തടിച്ച ഒരു രൂപം . മേശപ്പുറത്തെ നെയിം ബോര്‍ഡില്‍ നിന്നും അയാളുടെ പേര് മുത്തു‌ സ്വാമി എന്ന് മനസ്സിലായി . അയാള്‍ മനസ്സില്‍ കരുതി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഓഫീസിന്റെ സ്ഥാനത്ത് അലക്കുകാരി മാധവിയേടത്തിയുടെ കുടില്‍ ആയിരുന്നു . എപ്പോഴും ഇടിഞ്ഞു പൊളിയാന്‍ നില്‍ക്കുന്ന ഒരു മണ്കൂര .മാധവിയേടത്തിയുടെ മകന്‍ സുന്ദരന്‍ ഭ്രാന്തായിരുന്നു . അയാള്‍ ഓര്‍മയില്‍ നിന്നും ഉണര്‍ന്നു.

"യെസ്" , ചോദ്യ ഭാവത്തില്‍ മാനേജര്‍ തടിച്ച കണ്ണടയിലൂടെ നോക്കി

"സര്‍ എന്റെ പേര് ഹരിദാസ് , ഇവിടെ ഫിനാന്‍സില്‍ ഒരു അസ്സിസ്റ്റന്റി ന്റെ ഒഴിവുണ്ടെന്നറിഞ്ഞു വന്നതാണ് , മാത്രമല്ല ഈ ഫാക്ട്ടറിക്ക് സ്ഥലം കൊടുത്ത കൂട്ടത്തില്‍ എന്റെ അച്ഛനും ഉണ്ടായിരുന്നു , അന്ന് കമ്പനി പറഞ്ഞിട്ടുണ്ടല്ലോ ഭാവിയില്‍ വരുന്ന ജോലി ഒഴിവുകളിലും ഇവിടുത്തെ യോഗ്യതയുള്ള അപേക്ഷകര്‍ക്ക്‌ മുന്ഗണന നല്‍കുമെന്ന് . ഞാന്‍ ഒരു കൊമേഴ്സ് ബിരുദ ധാരിയാണ്" .

"ഓ കെ, ഗിവ് മി ദ കോപ്പി ഓഫ് യുവര്‍ സെര്ട്ടിഫികറ്റ് ആന്‍ഡ്‌ ബയോ ഡാറ്റ , ഐ വില്‍ ഡിസ്കസ് ദിസ്‌ മാറ്റര്‍ വിത്ത്‌ ഔവര്‍ എം ഡി . ബട്ട് സീ മിസ്റ്റര്‍ ഹരിദാസ് വീ ഗോട്ട് മോര്‍ ദാന്‍ സെവെന്റി ഫൈവ് അപ്പ്ളിക്കേഷന്‍സ് ഫോര്‍ ദിസ്‌ പോസ്റ്റ്‌. വീ വില്‍ ലെറ്റ്‌ യൂ നോ .

അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി . പുറത്തെ ബദാംമര ചോട്ടില്‍ നില്‍ക്കുകയായിരുന്ന രാജന്‍ ഓടി വന്നു ചോദിച്ചു

" എടാ ഹര്യേ , അടുത്ത് കിട്ട്വോ നിനക്ക് ജോലി "?

അയാള്‍ ഒന്നും മിണ്ടിയില്ല ."

ഗെയ്റ്റിന്റെ അവിടെയെത്തിയപ്പോള്‍ ആണ്ടിയേട്ടന്ഓടി വന്നു ചോദിച്ചു , "എന്തേ മാനേജര്‍ സ്വാമി പറഞ്ഞത് ?

അയാള്‍ ആണ്ടിയേട്ടനോട് കാര്യങ്ങള്‍ വിവരിച്ചു . ആണ്ടിയേട്ടന്‍ പറഞ്ഞു " എല്ലാം ആ തടിയന്‍ പട്ടരുടെ അടവാണ് , സ്വന്തം ആളുകളെ കയറ്റാനുള്ള പരിപാടിയാണ് ". അത് പറയുമ്പോള്‍ അയാള്‍ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ എന്ന് ഭയപ്പെടുന്ന പോലെ തോന്നി .
പിന്നീട് അയാളും രാജനും ഗെയ്റ്റിനു പുറത്തു കടന്നു . അയാള്‍ ആ ഫാക്റ്ററി കോമ്പൌണ്ടിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി . ഫാക്റ്ററി ഒരു ഭീകര ജീവിയെ പോലെ നില്‍ക്കുന്നു. തന്റെ മുത്തച്ചനെ അടക്കിയ സ്ഥലത്താണ് അതിന്റെ പുകക്കുഴല്‍ , അതിലൂടെ കറുത്തിരുണ്ട പുക ചുരുളുകളായി ആകാശത്തേക്ക് കയറിപ്പോകുന്നു , അത് തന്റെ മുത്തച്ഛന്റെ നെടുവീര്‍പ്പുകളാണോ?, ഹരിക്കുട്ടാ എന്നത് വിളിച്ചു കൊണ്ടിരിക്കുകയാണോ ?