വായനക്കാര്‍

ജൂലൈ 23, 2014

ജിന്നുകള്‍ ഇറങ്ങുന്ന രാവ്

 
വ്യാഴാഴ്ച ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ ചിലച്ചു , ഹൈദര്ക്കയാണ് .
"ആഫിസേ , ഞാനിന്ന് വൈകീട്ട് തോട്ടത്തില്‍ പോകുന്നുണ്ട് , നാളെ വെള്ളിയായ്ച്ചല്ലേ, അനക്ക് ഒയ് വല്ലേ , ഇജ്ജ് കൊറേ കാലായീലെ ന്റെ തോട്ടം കാണണം ന്ന് പറേണ് . ഞാന്‍ അന്റെ റൂമില്‍ വരാം ." അദ്ദേഹം ‍ ഫോണ്‍ വെച്ചു .
സത്യത്തില്‍ നാളത്തെ ഒഴിവ് ദിനം എന്ത് ചെയ്യണം എന്നയാള്‍ ചിന്തിച്ചിരിക്കുകയായിരുന്നു . ചില വ്യാഴാഴ്ചകളില്‍ ഹൈദര്ക്കാന്റെ റൂമില്‍ പോകും . അറബി വീടിനോടനുബന്ധിച്ചുള്ള ജോലിക്കാര്‍ക്ക് താമസിക്കാനുള്ള ഒരു കൊച്ചു കെട്ടിടം . വൃത്തിയുള്ള ആ റൂമില്‍ ഇക്ക ‍ ഒറ്റയ്ക്കായിരുന്നു , ആ വീട്ടിലെ പഴയ സ്റ്റാഫ്‌ ആണദ്ദേഹം ‍ . മുപ്പത് വര്ഷമായി ഹൈദര്‌ക്ക ആ വീട്ടില് ജോലി ചെയ്യുന്നു . അറബിയും കുടുംബവും വളരെ നല്ല രീതിയില്‍ ആണയാളോട് പെരുമാറുന്നത് . ഹൈദര്‌ക്ക ‍ ആ വീട്ടിലെ ഒരംഗമാണ് . ആ വീട്ടിലെ കുട്ടികളുടെ അമ്മി (അമ്മാവന്)‍ ആണയാള്‍ ‍.
ഹാഫിസ് ചിന്തിച്ചു , ഹൈദര്ക്ക ‍ തന്റെ ആരാണ് ? . രണ്ടു വര്ഷം മുന്‍പ് തികച്ചും അപരിചിതമായ ഈ അറബി നാട്ടില്‍ താന്‍ വന്നിറങ്ങുമ്പോള്‍ ഏതോ അജ്ഞാത ദ്വീപില്‍ എത്തിപ്പെട്ട പോലെ തോന്നിയിരുന്നു . പരിചയമുള്ള ഒരു മുഖം പോലും ഇല്ല. ഒരിക്കല്‍ ഒരു ഗവര്‍മെന്റ് ഓഫീസില്‍ നില്‍ക്കുമ്പോഴാണ് ഹൈദര്ക്കാനെ കാണുന്നത് . ആ നോട്ടത്തില്‍ സ്നേഹമുണ്ടായിരുന്നു , കനിവുണ്ടായിരുന്നു. തനിക്ക് ഈ അറബി നാട്ടില്‍ കിട്ടുന്ന ആത്മാര്‍ത്ഥമായ പുഞ്ചിരി . അതിന്‍ കടലോളം ആഴമുള്ളതായി തോന്നി . ‍ നിഷ്കളങ്കനായ ഈ ഏറനാട്ടുകാരന്‍ ‍ ഇന്ന് തന്റെ ആരൊക്കെയോ ആണ് , സുഹൃത്ത്‌ , ജേഷ്ഠന്, അഭ്യുദയ കാംക്ഷി അങ്ങനെ അങ്ങനെ ആരൊക്കെയോ ..
വ്യാഴാഴ്ച അദ്ദേഹത്തിന്റെ റൂമില്‍ ചെന്നാല്‍ രാത്രി വിഭവ സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കും . അതും കഴിച്ച് രാവിലെ മൂന്ന് മണി വരെ ഓരോ കാര്യങ്ങള്‍ സംസാരിച്ചിരിക്കും . അദ്ദേഹം വന്ന കാലത്തെ കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം .ഗുജറാത്തില്‍ നിന്ന് ആടിനെ കയറ്റി വരുന്ന വിമാനത്തില്‍ ആടുകളുടെ ഇടയില്‍ മൂത്രത്തിന്റെയും കാഷ്ടത്തിന്റെയും മണം സഹിച്ച് കൊണ്ട് ദുബായില്‍ വന്നിറങ്ങി, പിന്നിട്ട വഴികള്‍ പറയുമ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നത് കണ്ണീരു കൊണ്ടോ ? താനും തന്റെ നൊമ്പരങ്ങള്‍ പങ്കു വെയ്ക്കും . എല്ലാം കേട്ട് കഴിയുമ്പോള്‍ ഏറനാടന്‍ ഭാഷയില്‍ ഒരു സാന്ത്വനം .
"എല്ലാം സെര്യാവും ഇജ്ജ് വെശമിക്കണ്ട ആഫിസേ "
ഹൈദര്‍ക്കാനോട് താന് ‍എപ്പോഴും പറയാറുണ്ട്, കുറേ ദൂരെയുള്ള അദ്ദേഹത്തിന്റെ അറബിയുടെ ഫാമില്‍ പോകുമ്പോള്‍ ഒന്ന് പറയണം എന്ന് . അവിടുത്തെ ഓരോ ‌കഥകള്‍ അദ്ദേഹം പറയുമ്പോഴും ‍ ആ സ്ഥലം ഒന്ന് കാണാന്‍ തോന്നിയിരുന്നു . നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈത്തപ്പന തോട്ടങ്ങളും , ഒട്ടകങ്ങളും കുറെ ആടുകളും . അതിനപ്പുറം തക്കാളിപ്പാടങ്ങള്‍‍ . തോട്ടത്തിന് നടുവില്‍ ഒരു വീടും ,അതില്‍ നിധി കാക്കുന്ന ഭൂതത്തെ പോലെ ഒരു കാവല്ക്കാരനും .പണ്ട് വായിച്ച അറബിക്കഥകളിലെ സ്ഥലങ്ങളെയും ആളുകളെയും അനുസ്മരിപ്പിക്കുന്ന വിവരണമാണ് ഹൈദര്‍ക്ക തരിക.
നാല് മണിക്ക് തന്നെ ഹൈദര്‌ക്ക റൂമിന്റെ അടുത്ത് വന്നു മൊബൈലില്‍ വിളിച്ചു . ഫാമിലെ കാവല്‍ക്കാരന്‍ പാകിസ്ഥാനിക്ക് ഒരു മാസത്തിനുള്ള പലചരക്ക് സാധനങ്ങളുമായാണ് ഇപ്പോള്‍ ഹൈദര്‌ക്ക പോകുന്നത് . നഗരം പിന്നിട്ട് അവരുടെ വാഹനം മരുഭൂമിയിലേക്ക് കടന്നു ചുവന്ന മണല്‍ കുന്നുകളുടെ ഇടയില്‍ ടാറിട്ട റോഡ്‌ നീണ്ടു കിടക്കുന്നു . റോഡ്‌ ശൂന്യം . ചുവന്ന ഒരു കടലില്‍ സഞ്ചരിക്കുന്ന പോലെ തോന്നി , തിരമാലകള്‍ പോലെ മണലിന്റെ ചെറു കുന്നുകള്‍. തണുപ്പ് വീഴാന്‍ തുടങ്ങിയിരിക്കുന്നു . വീണ്ടും കുറേ യാത്ര ചെയ്തു അവരുടെ വാഹനം വലത്തോട്ട് തിരിഞ്ഞു , അവിടെ നല്ല റോഡ്‌ ഇല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മതിലിന്റെ മുന്‍പില്‍ എത്തി . ഹൈദര്‌ക്ക ഹോണടിച്ചു , കറുത്ത നിറമുള്ള ഒരു പാകിസ്ഥാനി പുറത്തേക്കു വന്നു , അയാള്‍ രോമത്തിന്റെ ഒരു ഷാള്‍ പുതച്ചിരുന്നു. ഹാഫിസ് വണ്ടിയില്‍ നിന്നും ഇറങ്ങി , ഹൈദര്‌ക്ക ഹഫിസിന്‌ ഗുലാം മുഹമ്മദിനെ പരിചയപ്പെടുത്തി .
"ഇപ്പോള്‍ ജിന്നിന്റെ ശല്യണ്ടോ " ? - ഹൈദര്‌ക്ക ഗുലാം മുഹമ്മദിനോട് ചോദിച്ചു (അത് പറഞ്ഞപ്പോള്‍ ഹൈദര്‌ക്ക ഹാഫിസിനെ നോക്കി കണ്ണിറുക്കി ).
ഗുലാം മുഹമ്മദ് ഒറ്റയ്ക്കാണവിടെ കഴിയുന്നത്‌ , രാത്രിയില്‍ പെണ് ജിന്നുകള്‍ വന്ന് അയാളെ ശല്യപ്പെടുത്തുമത്രേ. പ്രത്യേകിച്ച് പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ , പ്രണയ ദാഹം തീര്‍ക്കാനാണത്രേ പെണ് ജിന്നുകളുടെ വരവ് . പാക്കിസ്ഥാനില്‍ രണ്ടു ഭാര്യമാരുള്ള കക്ഷിയാണ് . ഈ ജിന്ന് സുന്ദരിമാരുടെ ശല്യം തടയാന്‍ കക്ഷി അരയിലും, കയ്യിനു മുകളിലും കുറെ ഏലസ്സുകള്‍ കെട്ടുമത്രെ . ഹൈദര്‌ക്ക ഗുലാമിനോട് ഓരോ കാര്യങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ഹാഫിസ് തോട്ടം മുഴുവന്‍ ചുറ്റിക്കണ്ടു .മനസ്സിന് വല്ലാത്തൊരു കുളിര് അനുഭവപ്പെട്ടു .മകരത്തിലെ കാറ്റ് ശരീരത്തെയും തണുപ്പിച്ചു. അസ്തമയം കഴിഞ്ഞിരിക്കുന്നു . താന്‍ ആയിരത്തൊന്ന് രാവുകളിലെ കഥകളിലെ ഏതോ ഗ്രാമത്തില്‍ എത്തിപ്പെട്ട അനുഭവം .
"ആഫിസേ , ഞമ്മക്ക് പോക്വാ " ഹൈദര്‌ക്ക വിളിച്ചു പറഞ്ഞു .
വീണ്ടും അവരുടെ വാഹനം പരുക്കന്‍ റോഡ്‌ കടന്നു ടാറിട്ട റോഡില്‍ കയറി . കുറേ ദൂരം മുന്നോട്ട് പോയപ്പോള്‍ ഹാഫിസ് ഹൈദര്‍ക്കയോട് പറഞ്ഞു :
"ഹൈദര്‌ക്ക , ഇന്ന് പൌര്‍ണമി രാത്രിയാണ് , നമുക്ക് കുറച്ച് നേരം ഈ മരുഭൂമിലെ നിലാവിന്റെ സൌന്ദര്യം നുകര്‍ന്ന് പോയാലോ" ?
"അയ്നെന്താ , ഇനിക്കൊരു ധിറുതീം ല്ല, ഇന്നത്തെ രാത്രി അന്റെ സന്തോസത്തിനു വിട്ടു തന്നിരിക്കുണൂ "
അയാള്‍ വണ്ടി റോഡ്‌ വക്കില്‍ പാര്‍ക്ക് ചെയ്തു . അവര്‍ ഒരു മണല്‍ കുന്ന് കയറി അവിടെയിരുന്നു .
കണ്ണെത്താ ദൂരത്തോളം മരുഭൂമി,‍ മുകളില്‍ നീലാകാശം , അവിടെ പുഞ്ചിരി തൂകിക്കൊണ്ട്‌ ചന്ദ്രന്‍. തിളങ്ങുന്ന നക്ഷത്രങ്ങള്‍. മകര മഞ്ഞിന്റെ തണുപ്പും കൂടിയായപ്പോള്‍ ശരിക്കും ഒരു കാല്‍പ്പനിക ലോകത്തില്‍ എത്തിപ്പെട്ട പോലെ ഹാഫിസിനു തോന്നി . സ്വര്‍ഗത്തിലെ ഒരു കഷ്ണം ഭൂമിയില്‍ വീണതാണോ ? കടലിലും മരുഭൂമിയിലും നിലാവിന്റെ സൌന്ദര്യം അവര്‍ണനീയമാണ് .
"ഈ മാനസികാവസ്ഥയില്‍ ആരും കവിയാകും ഹൈദര്‌ക്ക" . ഹാഫിസ് പറഞ്ഞു .
"ഇനിക്കയിനുള്ള പഠിപ്പൊന്നുംല്ല , ഇജ്ജ് പറയ്‌ ഞാന്‍ കേള്‍ക്കാം ". ഹൈദര്‌ക്ക
ഹൈദര്‍ക്കയും ഹാഫിസും കുറേ നേരം ഓരോ കാര്യങ്ങള്‍ സംസാരിച്ചിരുന്നു .
ഹൈദര്‌ക്ക , മരുഭൂമികളിലാണ് മാനവ രാശി ജന്മം കൊണ്ടത്‌ , സംസ്കാരങ്ങള്‍ ഉണ്ടായത്‌ ഇവിടെ നിന്നാണ് , പ്രവാചകന്മാര്‍ പിറന്ന ഭൂമിയാണിത് , വേദങ്ങളുടെ പ്രകാശം ഇവിടെ നി ന്നാണ് ഉത്ഭവിച്ചത്‌ . അനശ്വര പ്രണയങ്ങള്‍ ഇവിടെയുണ്ടായിരുന്നു, മണ്ണിനും പൊന്നിനും പെണ്ണിനും വേണ്ടി,ഒരാളുടെ ഒട്ടകം മറ്റൊരാളുടെ സ്ഥലത്ത് പ്രവേശിച്ച കാരണത്താല്‍ വര്ഷങ്ങള്‍ നീണ്ട യുദ്ധം ഉണ്ടായി ചോരപ്പുഴകള്‍ ഒഴുകി നനഞ്ഞ മണ്ണാണിത്. പറഞ്ഞാല്‍ തീരാത്ത ചരിത്രങ്ങള്‍ ഗര്‍ഭത്തില്‍ പേറി ഉറങ്ങുകയാണീ മരുഭൂമി . കോടാനു കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടം നമ്മുടെ സൈലന്റ് വാലി പോലത്തെ കാടുകളായിരുന്നു . വര്ഷങ്ങളോളം മണ്ണിനടിയില്‍ കിടന്ന മരങ്ങളും ജീവികളും രൂപാന്തരം സംഭവിച്ച് പെട്രോള്‍ ഉണ്ടായി . ഇന്ന് ലോകത്തെ സമ്പദ് വ്യവസ്ഥകള്‍ നിയന്ത്രിക്കുന്നത്‌ ഈ ദ്രാവകമല്ലെ?.
"ഇനിക്ക് ആകെ അറീണത്‌ ജീവിക്കാന് കൊറേ പൈസേണം, പൈസല്ലെങ്കി ഒരു പട്ടീം തിരിഞ്ഞ് നോക്കൂല " - ഹൈദര്‍ക്ക ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്ത്‌ മൂക്കിലൂടെ വിട്ടു കൊണ്ട് പറഞ്ഞു .
ചന്ദ്രന്‍ പടിഞ്ഞാറേക്ക്‌ ചായുന്നതു വരെ അവര്‍ ആ നിലാവില്‍ സംസാരിച്ചിരുന്നു.
കോട്ടു വായിട്ടു കൊണ്ട് ഹൈദര്‌ക്ക എണീറ്റു .
ഇനി ഞമ്മളിര്ന്നാല്‍ നാളെ ആസ്പത്രീ പോണ്ട്യെരും , വാ പോകാം "
.
"ഹൈദര്‌ക്ക , മാനത്തേക്ക് നോക്കൂ , ആ വെള്ളി മേഘങ്ങള്‍ക്ക് ഒരു രഥത്തിന്റെ രൂപമില്ലേ, അതില്‍ ചിറകുകളുള്ള സുന്ദരികളായ പെണ് ജിന്നുകള്‍ ഉണ്ടാവും . അവര്‍ ഗുലാം മുഹമ്മദിന്റെ അടുത്തേക്ക് വരികയാവും , ഇത്രയും പ്രണയാതുരമായ ഒരു രാത്രിയില്‍ ജിന്നുകള്‍ ഇറങ്ങിയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ " - അയാള് പറഞ്ഞ് നിര്ത്തി .
"വാ ഇഞ്ഞി നിന്നാ അന്നെ നാളെ മെന്റല്‍ ഡോക്ടരെട്ത്ത് കൊണ്ടോണ്ട്യേരും " - ഹൈദര്‍ക്കാന്റെ തമാശ.
അവരെയും കൊണ്ട് വാഹനം നഗരം ലക്‌ഷ്യം വെച്ച് കുതിച്ചു , മരുഭൂമി തന്നിലെ ചരിത്രങ്ങളും വ്യഥകളും വ്യാകുലതകളും പേറി പിന്നെയും ആരെയോ പ്രതീക്ഷിച്ചു നിന്നു , മകരക്കാറ്റ് മരുഭൂമിയെ തണുപ്പിച്ചു കൊണ്ടേയിരുന്നു .