ഇസ്ലാമിക സാഹിത്യത്തിലെ അതുല്യ വ്യക്തിത്വമായിരുന്ന സി.എന്‍.അഹമ്മദ് മൗലവി യെ കുറിച്ചുള്ള അനുസ്മരണം.
സി. എന്‍. ഈ രണ്ടക്ഷരം കേരളത്തിലെ അക്ഷര സ്നേഹികള്‍ക്ക് സുപരിചിതമാണ്. മലയാളത്തില്‍ ആദ്യത്തെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പരിഭാഷ നടത്തിയ വ്യക്തി. വധ ഭീഷണികള്‍ ഉള്‍പ്പെടെ ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും വക വെയ്ക്കാതെ സധൈര്യം തന്റെ ദൌത്യവുമായി മുന്നോട്ടു പോയ അസാധാരണ എഴുത്തുകാരന്‍. 1905 മുതല്‍ 1993 വരെയുള്ള ആ സംഭവ ബഹുലമായ ആ ജീവിതത്തിന്റെ ഒരു ചെറു വിവരണം.
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ചേരൂരില് നാത്താങ്കോടന്‍ കുട്ടിഹസ്സന്റെയും അഴുവത്ത് ഖദീജയുടെയും മകനായി 1905 ല്‍ ജനനം. മുസ്ലിം സമൂഹം വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു ആ കാലത്തും പിതാവ് അദ്ധേഹത്തെ സ്കൂളില്‍ ചേര്‍ത്തു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ അതീവ തല്പരനായിരുന്നു അദ്ദേഹം. താമസിയാതെ പിതാവിന്റെ ദേഹ വിയോഗം. യാഥാസ്തിക മത നേതാക്കളും പുരോഹിതരും ഗൂഡാലോചന നടത്തി ഇതിനിടെ ആ സ്കൂള്‍ അടപ്പിച്ചിരുന്നു. വിജ്ഞാന തല്പരനായ അഹമെദ് തന്റെ ജേഷ്ടന്‍ കുഞ്ഞാലന്‍ മുസ്ലിയാര്‍ പഠിപ്പിച്ചിരുന്ന കരുവാരകുണ്ടിലെ പള്ളി ദര്സ്സില്‍ ചേര്‍ന്നു. 1920 ല്‍ കരുവാരകുണ്ട് വിട്ടു വീണ്ടും ചേരൂരില്‍ വന്നു കൃഷിപ്പണിയും ആട് വളര്‍ത്തലും തുടങ്ങി. അങ്ങനെ ഊരകം മലയിലെ ഒരു പാറക്കെട്ടിലിരുന്നു അഹമെദ് ആലോചിച്ചു, തന്റെ ജീവിതം ഇങ്ങനെ ആട് മേയ്ക്കലും കൃഷിയുമായി കൊണ്ട് പോയാല്‍ മതിയോ, മുടങ്ങിക്കിടക്കുന്ന പഠനം തുടര്‍ന്നാലോ എന്ന്. കരുവാരകുണ്ടിലെ സുഹൃത്തുക്കളുടെ ക്ഷണപ്രകാരം വീണ്ടും അവിടേക്ക് വന്നു പഠിത്തം തുടര്‍ന്നു. അസാമാന്യ ബുദ്ധിയും വിജ്ഞാന തല്പരനുമായ ഈ കുട്ടിയോട് മദ്രസ്സിലോ വെല്ലൂരിലോ പോയി തുടര്‍ പഠനം നടത്താന്‍ അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു.
അങ്ങനെ 1926 ല്‍ പ്രശസ്തമായ മദ്രാസ്ജാ മാലിയ കോളേജില്‍ ചേര്‍ന്നു. ആ കലാലയത്തിലെ ചുറ്റുപാടുകളും, ഗ്രന്ഥ ശേഖരങ്ങളും ,ലോക പ്രശസ്ത വ്യക്തിത്വങ്ങളുടെ സന്ദര്‍ശനവും, കോളേജിന്റെ ട്രസ്റ്റി ജമാല്‍ മുഹമ്മദ് സാഹിബിന്റെ പുരോഗമന ആശയങ്ങളും വ്യക്തിത്വവും അദ്ധേഹത്തെ സ്വാധീനിച്ചു . ഈ കാലഘട്ടത്തിലാണ് കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് കോളേജ് സന്ദര്‍ശിക്കുന്നത്.ഒഴിവു സമയത്ത് അദ്ധേഹത്തെ ചെന്ന് കണ്ടു. അദ്ധേഹത്തിന്റെ ഉപദേശങ്ങള്‍, വ്യക്തിത്വം എല്ലാം യുവാവായ അഹമെദില്‍ മതിപ്പുളവാക്കി. ആ സ്വാധീനത്തില്‍ കോണ്‍ഗ്രസ് അനുഭാവിയായി. പിന്നീട് 1928 ല്‍ വെല്ലൂരിലെ ബാഖിയാത്ത് സ്സ്വാലിഹാത് കോളേജില്‍ ചേര്‍ന്നു പഠിച്ചു .1930ല്‍ മൌലവി ഫാസില്‍ ബാഖവി ബിരുദവും1931 ല്‍ അഫ്സലുല്‍ ഉലമയും പാസ് ആയി. അതേ വര്ഷം തന്നെ മലപ്പുറം ട്രെയിനിംഗ് സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ ചേര്‍ന്നു.
1932 ല്‍ മലപ്പുറത്തെ ചപ്പങ്ങാട്ടില്‍ ഹസ്സന്‍ ഹാജിയുടെ മകള്‍ ബിരിയക്കുട്ടിയെ ജീവിത സഖിയായി കിട്ടി. എന്ത് കൊണ്ടും അഹമ്മദിന്നു യോജിച്ച ഭാര്യയായിരുന്നു അവര്‍. നല്ല മത ഭക്തയും, ഭര്‍ത്താവിന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നവരുമായിരുന്നു. ആ ദമ്പതികള്‍ക്ക് കണ്ണിനു കുളിരായി 1933 ല്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു അവള് ക്കവര്‍ ഹഫ്സ എന്ന് പേരിട്ടു, ഉമ്മു എന്ന് വിളിച്ചു. സംഘര്‍ഷങ്ങളും പ്രയാസങ്ങളും നിറഞ്ഞ ആ നാളുകളില്‍ മകളുടെ മുഖം കാണുമ്പോള്‍ എന്തെന്നില്ലാത്ത സമാധാനം ലഭിച്ചു. 1936 ല്‍ അവര്‍ക്ക് ഒരു ആണ്കുഞ്ഞിനെക്കൂടി അല്ലാഹു നല്‍കി. കുഞ്ഞിന്നവര്‍ അബ്ദു റഹീം എന്ന് പേരിട്ടു. കാലം ഒഴുകിക്കൊണ്ടേയിരുന്നു.
1936 ല്‍മലപ്പുറം മുസ്ലിം ഹൈസ്കൂള്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമാകുന്നതിന്നുള്ള യത്നങ്ങളില്‍ ഹെഡ്മാസ്റ്റര്‍ സി ഒ ടി കുഞ്ഞിപ്പക്കി സാഹിബിന്റെയും മറ്റു അധ്യാപകരുടെയും കൂടെ പ്രവര്‍ത്തിച്ചു
'ഇസ്ലാമിലെ ധനവിതരണ പദ്ധതി' എന്ന കൃതിയുടെ രചനയ്ക്ക് വേണ്ടി ദക്ഷിണേന്ത്യയിലെ പ്രശസ്ത ഉമരാബാദ് ലൈബ്രറിയില്‍പോയി . 1938 ല്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചു . ഒട്ടേറെ ഗവേഷകര്‍ക്ക് സഹായകരമായിട്ടുണ്ട് ഈ പുസ്തകം . മുസ്ലിം ചെറുപ്പക്കാര്‍കമ്മ്യൂണിസ്റ്റ് ആദര്ശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത് പുറത്തു വന്നത്.
1939 ല്‍ മൂന്നാമത്തെ മകന്‍ മഹമൂദ് ഹസ്സനെ പ്രസവിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ എല്ലാമായ പ്രിയതമ മരണപ്പെട്ടു. അഹമ്മദ് അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നു. പൊതു പ്രവര്‍ത്തനങ്ങള്‍ ക്കിടയിലുള്ള പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അദ്ദേഹം ഇവിടെ ദുര്‍ബലനായി. പറക്കമുറ്റാത്ത 3 മക്കള്‍, അവരുടെ ഭാവി, എങ്ങനെ ആലോചിച്ചിട്ടും എവിടെയും ഒരു കര കാണുന്നില്ല. അവസാനം ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മരണപ്പെട്ട ഭാര്യയുടെ അനുജത്തി ആമിനയെ വിവാഹം കഴിച്ചു. അവര്‍ ഈ കുഞ്ഞു മക്കളെ സ്വന്തം മക്കളെപ്പോലെ നോക്കി. 1942 ല്‍ അബ്ദുല്‍ ഹക്കീം എന്ന നാലാമത്തെ മകനെ പ്രസവിച്ചു.
1944 - 1948 കളില്‍ അബുസ്സബാഹ് മൌലവിയുമായി ചേര്‍ന്ന് ഫറൂഖില്‍ രൌലത്തുല്‍ ഉലൂം അറബിക് കോളേജിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍.
1944 ല്‍ ഒരു മകള്‍ കൂടി ജനിച്ചു, അവള്‍ക്ക് അദ്ദേഹം ആദ്യ ഭാര്യയുടെ പേര് നല്‍കി, ബിരിയക്കുട്ടി. കുടുംബം ചെരൂരിലും, കരുവാരകുണ്ടിലും, ഒക്കെയായി മുന്നോട്ടു പോയി. പിന്നീട് 1947 ല്‍ മകന്‍ അബ്ദു സാലാമിന്റെ ജനനം,
1944 ജോലിയില്‍ നിന്ന് രാജി വെച്ചു. പിന്നീട് ഊട്ടി , വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കച്ചവടത്തില്‍ ഏര്‍പെട്ടു. അതെല്ലാം നഷ്ടത്തില്‍ കലാശിച്ചപ്പോള്‍ കരുവാരകുണ്ടില്‍ കപ്പ,നെല്‍ കൃഷികളില്‍ പരീക്ഷണം. ഫലം തഥൈവ. 1949 ല്‍ കരുവാരകുണ്ടില്‍ നിന്ന് അന്‍സാരി മാസിക തുടങ്ങി. അതിന്റെ ഉള്ളടക്കവും പുരോഗമന ആശയങ്ങളും ജനം സ്വീകരിച്ചു. 14 ലക്കം ഇറക്കി പ്രതിസന്ധി മൂലം നിര്‍ത്തേണ്ടി വന്നു.
1950 ല്‍ എടത്തനാട്ടുകരയിലേക്ക് താമസം മാറ്റി.പ്രകൃതി സുന്ദരമായ ഈ സ്ഥലം തന്റെ സര്‍ഗ ശേഷിയെ ഉത്തേജിപ്പിക്കും എന്നദ്ധേഹം കരുതി . സ്ഫടിക സമാനമായ ശുദ്ധ ജലം ഒഴുകുന്ന പുളിയന്‍ തോട്. വീടിന്റെ പൂമുഖത്തിരുന്ന് നോക്കിയാല്‍ അകലെ സഹ്യന്റെ ശാഖകള്‍ അതിരിട്ട മലയോര ക്കാഴ്ചകള്‍. അദ്ധേഹത്തിന്റെ ഒരുപാട് രചനകള്‍ക്ക് ഈ പ്രകൃതി സാക്ഷിയാണ്. ചിന്തകളില്‍ മുഴുകിയിരിക്കുമ്പോള്‍ കുളിര്‍ക്കാറ്റ് ആ മുഖവും മനസ്സും തഴുകി തണുപ്പിച്ചിരിക്കണം . പുളിയന്‍ തോട്ടിലെ തണുത്ത ജലകണങ്ങള്‍ അദ്ധേഹത്തിന്റെ മനസ്സ് എകാഗ്രമാക്കിയിരിക്കണം. ഇതിനിടക്ക് മലപ്പുറം പറപ്പൂരില്‍ നിന്ന് വന്ന അബ്ദു റഹ്മാന്‍ മൌലവിയുമായി ചേര്‍ന്ന് എടത്തനാട്ടുകരയില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അവിടുത്തെ പൌര പ്രമുഖന്മാര്‍ ആദ്യം തന്നെ പുരോഗമന ആശയങ്ങളെ സ്വീകരിച്ചു പിന്നീട് ഇടത്തരക്കാരും അവരുടെ പാത സ്വീകരിച്ചു. ഇന്ന് അരീക്കോട് കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിനു ഏറ്റവും സ്വാധീനമുള്ള മേഖല ഒരു പക്ഷെ എടത്തനാട്ടുകരയായിരിക്കും. ഇതേ വര്‍ഷമാണ് അടുത്ത മകന്‍ അബ്ദു സമദിന്റെ ജനനം.
1953 ല്‍ അടുത്ത മകള്‍ പിറന്നു, ആബിദ. മകന്‍ അബ്ദുല്‍ കരീമിന്റെ ജനനം 1956 ലും
അതിന്നു താഴെ അബുല്‍ കലാം ആസാദ് ജനിക്കുന്നത് 1959 ലും. അദ്ദേഹം പുസ്തക രചനയുമായി ബന്ധപ്പെട്ടു പുറം ദേശങ്ങളില്‍ പോകുമ്പോഴൊക്കെ ഭാര്യ ആമിന മക്കളുടെ കാര്യം വേണ്ട പോലെ ശ്രദ്ധിച്ചു . അവരുടെ തണല്‍ അദ്ദേഹത്തിന്നു വല്ലാത്ത ആശ്വാസം തന്നെ നല്‍കി.
1951 ല്‍ പെരുമ്പാവൂരിലെ മജീദ് മരക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തന സാധ്യതകള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. അങ്ങനെ ആ ക്ലേശകരമായ ദൌത്യം ഏറ്റെടുത്തു കൊണ്ട് റഫറന്‍സ് ആവശ്യാര്‍ത്ഥം ഹൈദരാബാദിലെ ലൈബ്രറിയില്‍ കുറെകാലം ചെലവഴിച്ചു. വായനയുടെയും അന്വേഷണങ്ങളുടെയും ,കുറിപ്പുകള്‍ തയ്യാര്‍ ആക്കുന്നതിന്റെയും ദിനങ്ങള്‍. 1956 ല്‍ കോഴിക്കോട് അന്‍സാരി ബുക്ക് ഡിപ്പൊ തുടങ്ങി . അടുത്ത വര്ഷം മുടങ്ങി കിടന്നിരുന്ന അന്‍സാരി മാസിക ന്യൂ അന്‍സാരി മാസിക എന്ന പേരില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. 1956 ല്‍ എടത്തനാട്ടുകരയില്‍ ഒരു ഹൈസ്ക്കൂള്‍ ഉണ്ടാക്കുന്നതിന്നുള്ള ശ്രമങ്ങളില്‍ മുഴുകി. നീണ്ട പത്തു വര്‍ഷങ്ങളിലെ കഠിന പ്രയത്നങ്ങള്‍ക്കൊടുവില്‍ 1961 ല്‍ പരിശുദ്ധ ഖുര്‍ ആനിന്റെ സമ്പൂര്‍ണ്ണ പരിഭാഷ പുറത്തിറക്കി .ഇതിനു അന്നത്തെ കേന്ദ്ര ഗവര്‍മെന്റിന്റെ പ്രത്യേക ഗ്രാന്റും കിട്ടിയിരുന്നു . ഖുര്‍ആന്‍ പരിഭാഷ ചെയ്യുന്നതില്‍ പരമ്പരാഗത മുസ്ലീം സമൂഹം എത്ര കണ്ടു എതിര്ത്തുവോ അത്രത്തോളം തന്നെ പുരോഗമന വാദികളും പല തരം എതിര്‍പ്പുകളും അസഹിഷ്ണുതയും പ്രകടിപ്പിച്ചു . സിഎന്നെ വിമര്‍ശിക്കാന്‍ കിട്ടിയ ഒരവസരവും ഇക്കൂട്ടര്‍ പാഴാക്കിയില്ല. തന്നെ കാണുമ്പോള്‍ വലിയ ശബ്ദത്തില്‍ തക്ബീര്‍ മുഴക്കുന്ന അനുയായി വൃന്ദത്തെ അദ്ദേഹം ഉണ്ടാക്കിയില്ല. ഒരു ഇസത്തിന്റെയും വാക്താവായില്ല. മരണം വരെ കൃഷിയും, കച്ചവടവും,ചെയ്തു ജീവിച്ചു. മത പ്രവര്‍ത്തനം അദ്ദേഹത്തിന്നു ഉപജീവന മാര്‍ഗം അല്ലായിരുന്നു. മറിച്ച് അത് തന്റെ കടമയായി കരുതി. മരണം വരെയും ആരുടേയും സഹായമില്ലാതെ ജീവിച്ചു. വളരെ അനുകരണീയമായ മാതൃക. സാമ്പത്തിക രംഗത്തെ അദ്ധേഹത്തിന്റെ സൂക്ഷ്മത അപാരമാണ്. ഒരു പ്രത്യേക വിഷയത്തില്‍ ഭൂരിപക്ഷം പറയുന്നത് തെറ്റാണെങ്കില്‍, ശരിയുടെ പക്ഷമുള്ള ആ ന്യൂന പക്ഷത്തിന്റെ കൂടെയാണ് അദ്ദേഹം ഉണ്ടാവുക. അത് കൊണ്ട് തനിക്കെന്തെങ്കിലും ഭൌതിക നഷ്ടങ്ങള്‍ ഉണ്ടാവുമോ എന്നദ്ദേഹം ഭയപ്പെട്ടില്ല.
അങ്ങനെയിരിക്കുമ്പോള്‍ അദ്ധേഹത്തിന്റെ മനസ്സില്‍ ദീര്‍ഘ നാളുകളായ് താലോലിച്ചിരുന്ന ഒരാഗ്രഹം വീണ്ടും മൊട്ടിട്ടു. കിഴക്കന്‍ ഏറനാട്ടില്‍ ഒരു കോളേജ്. അങ്ങനെ 1963 ല്‍ മമ്പാട് അത്തന്‍ മോയന്‍ അധികാരിയുമായി ഇതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. പിന്തുണയുമായി എം.കെ.ഹാജിയും എത്തി . അങ്ങനെ അത്തന്‍ മോയന്‍ അധികാരി നല്കിയ വിശാലമായ സ്ഥലത്ത് 1965 ല്‍ കോളേജ് യാഥാര്‍ത്യമായി. (ഇന്ന് ഈ കോളേജ് മലബാറിലെ ഏറ്റവും നല്ല കോളേജുകളില്‍ ഒന്നാണ്). 1969 ല്‍ ഈ കോളേജ് എം.ഇ.എസ്സിന് ഏല്പിച്ചു കൊടുത്തു.
1959 – 1964 കാലത്ത് കേരള സാഹിത്യ അക്കാദമി അംഗം. പുത്തെഴത്ത് രാമന്‍ മേനോന്‍ പ്രസിഡണ്ടും കെ.പി. കേശവ മേനോന്‍ വൈസ്പ്രസിഡണ്ടും,ഡോ.ഭാസ്കരന്‍ നായര്‍ സെക്രട്ടറിയും ആയ അന്നത്തെ അക്കാദമിയില്‍ പ്രഗല്‍ഭരായ മറ്റു മെമ്പര്‍ മാര്‍ താഴെപ്പറയുന്നവരായിരുന്നു . ശൂരനാട് കുഞ്ഞന്‍ പിള്ള, മുതുകുളം പാര്‍വതിയമ്മ,ലളിതാംബിക അന്തര്‍ജ്ജനം, അമ്പാടി കാര്‍ത്ത്യാനിയമ്മ, ആറ്റൂര്‍ കൃഷ്ണ പിഷാരടി,കെ.വാസുദേവന്‍ മൂസ്സത്, എന്‍.ഗോപാല പിള്ള , റവ.ഫാദര്‍ സി കെ മാറ്റം, ജോസഫ് മുണ്ടശ്ശേരി, എന്‍ വി കൃഷ്ണ വാരിയര്‍, ജി വൈദ്യനാഥ അയ്യര്‍,കുറ്റിപ്പുഴ കൃഷ്ണ പിള്ള ,പി കെ കോരു,തകഴി ശിവശങ്കര പിള്ള, എസ.കെ.പൊറ്റെക്കാട്, എം.പി അപ്പന്‍, പി.കുഞ്ഞിരാമന്‍ നായര്‍.
1965 ല്‍ ചെരൂരില്‍ നിന്നും മൂന്നാം വിവാഹം. അതില്‍ ഒരു പെണ് കുഞ്ഞും കൂടി ജനിച്ചു, റഹ്മത്ത് (1967) എഴുത്തും വ്യാപാരവും ഒരുമിച്ചു കൊണ്ടുപോകാന്‍ കോഴിക്കോട് താമസിക്കുന്ന അദ്ദേഹത്തിന്നു അവരുടെ സഹായം ആവശ്യമായിരുന്നു.
1970 ല്‍ വീണ്ടും കച്ചവടത്തിലേക്ക്. കോഴിക്കോട് മിഠായി തെരുവില്‍ കൌസര്‍ സ്റ്റോര്‍ എന്ന റെഡി മെയിഡ് സ്ഥാപനത്തിന്റെ തുടക്കം. അതെ കാലത്ത് തന്നെ ആസാദ് ബുക്ക് സ്റ്റാള്‍ തുടങ്ങി.
1981 മകന്‍ അബ്ദുല്‍ ഹകീമിന്റെ അകാല മരണം അദ്ദേഹത്തിന്നു സഹിക്കാവുന്നതായിരുന്നില്ല. ആരും കാണാതെ, ആരോടും ഒന്നും പറയാതെ ആ വേദനകള്‍ ഉള്ളിലിരുന്നു നീറി. അല്ലാഹുവിന്റെ പരീക്ഷണങ്ങള്‍ എല്ലാം ക്ഷമയോടെ അദ്ദേഹം തരണം ചെയ്തു.
1985 കാലം, ഇന്ത്യയില്‍ ശാബാനു കേസിന്റെ ചര്‍ച്ചകള്‍ നടക്കുന്നു, വിവാഹ മുക്തക്ക് ഭര്‍ത്താവ് ചിലവിനു കൊടുക്കണം എന്ന സുപ്രീം കോടതി വിധിക്കെതിരെ ഭൂരിപക്ഷം മുസ്ലിം പണ്ഡിതരും രംഗത്ത് വന്നപ്പോള്‍ അദ്ദേഹം അവിടെയും ശരിയുടെ പക്ഷത്ത് ഉറച്ചു നിന്നു, സുപ്രീം കോടതി വിധിയെ പിന്തുണച്ചു. ഈ കാലഘട്ടത്തിലും അദേഹത്തിനു സ്വന്തം സമൂഹത്തില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഏതു കൊടുങ്കാറ്റിലും പിടിച്ചു നിന്ന അനുഭവങ്ങളുള്ള അദ്ദേഹം ഈ വിമര്‍ശനങ്ങളെയും സധൈര്യം നേരിട്ടു.
1989 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ധേഹത്തെ ആദരിച്ചു.
നീണ്ട അരനൂറ്റാണ്ടിലേറെയുള്ള സാഹിത്യ സപര്യയില്‍ മലയാളിക്ക് അദ്ധേഹത്തിന്റെ തൂലികയിലൂടെ ലഭിച്ച കൃതികളില്‍ ചിലത് :-
പരിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരിഭാഷ
ഇസ്ലാമിക പാഠാവലി
ഇസ്ലാമിലെ ധന വിതരണ പദ്ധതി
ഖുര്‍ആന്‍ എന്ത്, എന്തിന്
ഇസ്ലാം ഒരു സമഗ്ര പഠനം
സഹീഹുല്‍ ബുഹാരി പരിഭാഷ
ഇസ്ലാം ചരിത്രം - മുഹമ്മദ് നബിയും മുന്‍ പ്രവാചകന്മാരും
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കെ കെ മുഹമ്മദ് അബ്ദുല്‍ കരീമുമായി ചേര്‍ന്ന് )
യസ്സര്നല്‍ ഖുര്‍ആന്‍
പലിശ
ഖുര്‍ ആനിന്റെ മൂല സിദ്ധാന്തം
ഖുര്‍ആന്‍ ക്രോഡീകരണം
അഞ്ചു നേരത്തെ നമസ്കാരം ഖുര്‍ആനില്‍
ചന്ദ്ര മാസ നിര്‍ണയം
വിജ്ഞാന സമാഹരണത്തിന്റെ ഭാഗ്ഗമായി ഒട്ടേറെ വിദേശ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
സന്ദര്‍ശിച്ച രാജ്യങ്ങള്‍ . സൗദി അറേബ്യ,ഖത്തര്‍, യു എ ഇ ,ഒമാന്‍, പാകിസ്താന്‍, മലേഷ്യ,സിങ്കപൂര്‍, കുവൈത്ത്, ഈജിപ്ത്.
1991 ല്‍ എടത്തതനാട്ടുകരയില്‍ ലോക നിലവാരത്തിലുള്ള ഒരു ലൈബ്രറിയും ഗവേഷണ കേന്ദ്രവും തുടങ്ങുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തന്റെ കൈവശമുള്ള പുസ്തകങ്ങള്‍ മുഴുവനും ഇതിനു നല്‍കാനും അദ്ദേഹം തീരുമാനിച്ചിരുന്നു.
1992 ഡിസംബര്‍ ആറ് മതേതര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനം. ബാബരി മസ്ജിദ് ഫാഷിസ്റ്റ് ശക്തികളാല്‍
തകര്‍ക്കപ്പെട്ടു. അതിനോടനുബന്ധിച്ച് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ഗീയ ലഹളകള്‍ പൊട്ടിപുറപ്പെട്ടു. അകന്നു കൊണ് ടിരിക്കുന്ന ഹിന്ദു മുസ്ലിം മനസ്സുകളെ തമ്മില്‍ അടുപ്പിക്കാന്‍ ഒരു ശ്രമം എന്ന നിലയ്ക്ക് 1993 മാര്‍ച് 31 നു സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ഉന്നത വ്യക്തിത്വങ്ങളായ വൈക്കം മുഹമ്മദ് ബഷീര്‍, എം ടി വാസുദേവന്‍ നായര്‍, എം പി വീരേന്ദ്ര കുമാര്‍, ബിഷപ് മാക്സ് വെല്‍ നെരോണ,പി പി ഉമ്മര്‍ കോയ, ഡോ. മൊയ്തു,പ്രൊഫസ്സര്‍ കെ എ ജലീല്‍, സ്വാമി സിദ്ധിനന്താനന്ദ, പി വി ചന്ദ്രന്‍, ഡോ.സി കെ രാമചന്ദ്രന്‍, എം എ ഉണ്ണീരിക്കുട്ടി, ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ തെരുവത്ത് രാമന്‍ എന്നിവരുള്‍പ്പെടെ നൂറിലധികം പ്രഗല്‍ഭ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി കോഴിക്കോട് അളകാപുരിയില്‍ വെച്ച് ഒരു ഈദ് മീറ്റ് സംഘടിപ്പിച്ചു. ആ പരിപാടി കഴിഞ്ഞ് അര്‍ദ്ധരാത്രി ജസ്റ്റിസ് ചന്ദ്രശേഖര മേനോനെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കി പത്ത് കിലോ മീറ്ററോളം ദൂരമുള്ള ചേവായൂര്‍ വീട്ടിലേക്കു നടന്നു. നാട്ടുകാരനായ പാറോക്കോട്ട് ഹംസയും കൂടെയുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ചെറിയ മൂത്ര തടസ്സം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം മൂന്നാഴ്ചയോളം മരുന്നുകളും ചികിത്സകളുമായി മല്ലിട്ടു. അവസാനം ……..
1993 ഏപ്രില്‍ 27 ന് മരുന്നുകളെയും, ഡോക്ടര്‍മാരെയും തോല്‍പ്പിച്ചുകൊണ്ട് അലംഘനീയമായ ആ ദൈവിക വിധി നടപ്പാക്കപ്പെട്ടു . ഇഹലോകത്തെ കാറ്റും കോളും , പ്രയാസങ്ങളും, പ്രതിസന്ധികളും,വേദനകളും, വിങ്ങലുകളും,ദുരിതങ്ങളും നിറഞ്ഞ ജീവിതത്തില്‍ നിന്ന് അദ്ധേഹത്തിന്റെ ആത്മാവിനെ അല്ലാഹുവിന്റെ മാലാഖമാര്‍ കൊണ്ട് പോയി ഇവയൊന്നും ഇല്ലാത്ത ലോകത്തേക്ക്........
എടത്തനാട്ടുകര ദാറുസ്സലാം ഖബര്‍സ്ഥാനിലെ തണല്‍ മരങ്ങള്‍ കുടപിടിച്ച് നില്‍ക്കുകയാണ്, കാറ്റില്‍ തലയാട്ടി നമ്മെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്, ദിവ്യ വചനങ്ങളുടെ വെളിച്ചം കയ്യിലേന്തി സമൂഹത്തിനു മുന്നില്‍ നടന്ന ആ വഴി കാട്ടി, നാടിന്റെ പ്രിയ പുത്രന്‍ ഇവിടെ വിശ്രമത്തിലാണ് എന്നറിയിച്ചു കൊണ്ട് അവ പൂക്കുകയും ഫലം പൊഴിക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ് .........
( ഇതെഴുതുന്നയാള്‍ സി.എന്‍.അഹമ്മദ് മൌലവിയുടെ മകന്‍ മഹമൂദ് ഹസ്സന്റെ മകനാണ് )
